വ്യക്തി,വിവാഹം,കുടുംബം,സമൂഹം

 

 

പി.രാജൻ

വ്യക്തിയും വിവാഹവും കുടുംബവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പല വാർത്തകളും പത്രത്തിലുണ്ട്.കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന കെ. വേണു ഒളിവിലായി രിക്കെ നടന്ന വിവാഹവും ഭാര്യ മണി യുടെ മരണവും സംബന്ധിച്ച ഓർമ്മക്കുറിപ്പുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്നാമത്തെ കുട്ടിയുണ്ടായാൽ ജോലി നിഷേധിക്കുന്ന വ്യവസ്ഥക്ക് നിയമപരമായ സാധുതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചതും ഇക്കൂട്ടത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. സ്വന്തം വിവാഹത്തെ ഒരു സാമൂഹ്യ – രാഷ്ട്റീയ പ്രശ്നമായാണ് കെ.വേണു കണ്ടത്. അതുകൊണ്ട് തന്നെ താൻ വിവാഹം കഴിക്കുന്ന സ്ത്രീ തൊഴിലാളിയായിരുക്കണമെന്നും അന്യജാതിയിൽപ്പെട്ടയാൾ ആയിരിക്കണമെന്നും വേണു നിശ്ചയിച്ചിരുന്നു.

ഈ നിബന്ധനകൾക്കനുസരിച്ച് ഒളിവിലിരിക്കെ ചില സാംസ്ക്കാരിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വേണു വിവാഹം കഴിച്ചത് കേവലം സ്വകാര്യമായി തള്ളിക്കളയാനാവില്ല. അതേസമയം വിവാഹം ഒരു പൊതു പ്രശ്നമാണെന്നും ആരെങ്കിലും അത് സാമൂഹ്യ പരിഷ്ക്കരണത്തിനുള്ള മാർഗ്ഗമെന്ന നിലയിൽ സ്വീകരിക്കേണ്ടതാണെന്ന് നിർബ്ബന്ധിക്കാമോയെന്നുമുള്ള ചോദ്യങ്ങൾ വേണുവിൻ്റെ വിവാഹം ഉന്നയിക്കുന്നുണ്ട്.

നമ്മുടെ സമൂഹത്തിൽ ഉച്ചനീച ചിന്ത നിലനിർത്തുന്നതിലും സാംസ്കാരികമായ ഭിന്നതകൾ വളർത്തുന്നതിലും വിവാഹത്തിനും കുടുംബത്തിനുമുള്ള പങ്ക് നി ഷേധിക്കാനാവില്ല. അതുകൊണ്ട് തന്നെ വേണുവിനെ സന്ദേശം സിനിമയിലെ കോട്ടപ്പള്ളിയെപ്പോലെ ഹാസ്യ കഥാപാത്രമായ വിപ്ലവകാരിയായി തള്ളിക്കളയാൻ സാമൂഹ്യ പരിഷ്ക്കരണ മാഗ്രഹിക്കുന്ന ആർക്കും കഴിയില്ല.

എൻ്റെ മാന്യ സുഹൃത്തും പരിവർത്തനവാദി നേതാവുമായിരുന്ന എം.എ.ജോണിൻ്റെ വിവാഹം ചർച്ചയായത് ഞാൻ ഓർക്കുന്നു. പാലായിലെ പ്രമുഖ കത്തോലിക്കാ കുടുംബക്കാരനായ ജോണിൻ്റെ വിവാഹം സ്വന്തം വീട്ടിൽ വെച്ചാണ് നടന്നത്. മതപരമായ ചടങ്ങുകളില്ലാതെ നടത്തിയ വിവാഹത്തിൽ വൈദികരും കന്യാസ്ത്രീകളും രാഷ്ട്റീയ നേതാക്കളും സാധാരണക്കാരും പങ്കെടുത്തിരുന്നു.

കേരളാ കോൺഗ്രസ്സ് നേതാവായ കെ.എം. മാണി മാത്രമാണ് ഔചിത്യമില്ലാതെ ചടങ്ങിൽ വെച്ച് പള്ളിക്കാര്യം എഴുന്നള്ളിച്ചത്. ജോണിൻ്റേയും അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളുടേയും വിവിഹം നടത്തിയത് മതപരമായ ചടങ്ങില്ലാതെ പള്ളിക്കു പുറത്ത് വെച്ചാണ്.അത് നിസ്സാര കാര്യമല്ല.മതത്തെ നിസ്സാരമാക്കുന്ന കാര്യമാണത്. മതമാണ് രോഗം,വർഗ്ഗീയത രോഗലക്ഷണമാണെന്നു പ്രചരിപ്പിച്ച പരിവർത്തനവാദികളുടെ നേതാവായിരുന്നല്ലോ എം.എ.ജോൺ.

മതം രാഷ്ട്റീയ സാമൂഹിക പ്രശ്നങ്ങളിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ‘കുടുംബാസൂത്രണവും ഗർഭഛിദ്രവുമൊക്കെ മതവും ധാർമ്മികതയുമൊക്കെയായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും ചർച്ച ചെയ്യുന്നത്. സ്വന്തം ശരീരത്തിലെ സ്വയം നിർണ്ണയാവകാശം വേണമെന്നത് സ്‌ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പ്രശ്നംകൂടിയാണ്.

പക്ഷെ മൂന്നാമത്തെക്കുട്ടി ജനിച്ചാൽ അച്ഛനു ആനുകൂല്യം നിഷധിക്കുന്നത് നിരപരാധിയായ കുട്ടിയെയാകില്ലേ ഫലത്തിൽ ശിക്ഷിക്കുന്നത് ? മൂന്നാമത്തെ കുട്ടി കുടുംബത്തിനു ഭാരം കൂട്ടുന്ന സ്ഥിതി വരുന്നത് നിരപരാധിയായ കുട്ടിക്ക് കായികവും മാനസികവുമായ ശിക്ഷയാക്കാതിരിക്കാനും സമൂഹത്തിനു ഉത്തരവാദിത്തമുണ്ട്. മൂന്നാമത്തെ ക്കുട്ടി ജനിച്ചാൽ സമൂഹത്തിൽ നിന്നു ആനുകൂല്യം കിട്ടില്ലെന്ന് വന്നാൽ അടുത്തപടി നിർബ്ബന്ധ വന്ധ്യംകരണമാകില്ലേ? കാര്യം നിസ്സാരമല്ല.

———————————————————————————-

പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക