വിപ്ലവ ചിന്തകള്‍ വഴിപിഴയ്ക്കുമ്പോള്‍

പി.രാജന്‍

മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്ക്കാരം നല്‍കിയത് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്‍റെ അറിവില്‍ രാഷ്ട്രീയ, ജുഡീഷ്യല്‍ നിയമനങ്ങളില്‍ മാത്രമാണ് കുടുംബ പദവിക്ക് അനാവശ്യമായ അംഗീകാരം നല്‍കുന്ന പ്രവണതയുള്ളത്. രാഷ്ട്രത്തിന് നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്താണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്.

പത്മ പുരസ്ക്കാരങ്ങള്‍ ഇതിന് മുമ്പും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഗൗരി ലക്ഷ്മി ഭായിക്ക് ലഭിച്ച പത്മപുരസ്ക്കാരം വിമര്‍ശിക്കപ്പെടുന്നത് അവര്‍ ജനാധിപത്യ വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിരുന്ന ഒരു രാജകുടുംബത്തില്‍ ജനിച്ചു എന്നതിന്‍റെ പേരിലാണ്. തെറ്റായ വിപ്ലവ ചിന്തകളില്‍ നിന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉടലെടുക്കുന്നത്.

അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അവരുടെ യോഗ്യത അഞ്ജു പാര്‍വതി പ്രഭീഷ് സമൂഹ മാധ്യമങ്ങളിലൂടെ വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി വിമന്‍സ് അസ്സോസിയേഷന്‍റെ സജീവ പ്രവര്‍ത്തകയാണ് അഞ്ജു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ രാജ കുടുംബങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ക്കാരത്തിനും കലക്കും സാഹിത്യത്തിനുമെല്ലാം ഇന്‍ഡ്യയിലെ രാജ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടവയാണ്. മുസ്ലിം രാജവംശാംഗങ്ങളുടെ സംഭാവനകള്‍ ഹിന്ദു രാജകുടുംബാംഗങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര പരാമര്‍ശ യോഗ്യമല്ല. ജവഹര്‍ലാല്‍ നെഹ്രു പോലും കശ്മീര്‍ രാജകുടുംബാംഗമായ കരണ്‍ സിംഗിന്‍റെ കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലെ കൊടുങ്ങല്ലൂര്‍ കോവിലകം ഒരു സര്‍വ്വകലാശാലാ പദവി നേടിയത് സാഹിത്യം , കല, വൈദ്യശാസ്ത്രം എന്നിവയില്‍ പ്രവീണരായ രാജകുടുംബാംഗങ്ങളുടെ സംഭാവനകള്‍ കാരണമാണ്. മഹാഭാരതം ഖണ്ഡകാവ്യങ്ങളായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു (അദ്ദേഹത്തെ തമ്പുരാന്‍ എന്ന് വിളിച്ചതില്‍ ഏതെങ്കിലും നവ വിപ്ലവ ചിന്തകന്‍ എതിര്‍പ്പുമായി വരുമോ എന്നറിയില്ല).

ഭാരതത്തിലെ രാജവംശങ്ങൾ  നിരവധി പണ്ഡിതന്മാരേയും കലാകാരന്മാരേയും സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചിയിലേയും മൈസൂറിലേയും അവസാന രാജാക്കന്മാര്‍ അവരുടെ പഠന മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചവരാണ്. സ്വാമി വിവേകാനന്ദനോട് സംസ്കൃതത്തില്‍ സംസാരിക്കാന്‍ തക്ക പ്രാവീണ്യം കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ക്കുണ്ടായിരുന്നുവെന്ന് നമുക്കറിയാം.

വിജ്ഞാനത്തില്‍ അഭിമാനിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന തമ്പുരാട്ടിമാരുടെ നാടാണ് ഭാരതം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?