എല്ലാം നിയമപരം: വീണാ വിജയനെ ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. .

സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റില്‍മെന്റ്‌ ബോര്‍ഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തില്‍ വീണയുടെ കമ്പനി ഇതില്‍ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.

രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക്‌ നിയമാനുസൃതമായ ഏത്‌ തൊഴിലും ചെയ്യുന്നതിന്‌ മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ വീണയും ഒരു കണ്‍സള്‍ടിംഗ്‌ കമ്പനി ആരംഭിച്ചത്‌. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന്‌ പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്‌.

മുഖ്യമന്ത്രിക്ക്‌ ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്‌. ആദായ നികുതിയുമായി ബന്ധപ്പെട്ട്‌ ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്‌നത്തെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ്‌ ഉണ്ടായിട്ടുള്ളതെന്ന് സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.