ഇതാ ഒരു രാഗമാലിക ….

സതീഷ് കുമാർ വിശാഖപട്ടണം

ഭാരതീയ വേദാന്തം  പ്രപഞ്ചത്തിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ഓംകാരത്തെയാണ്.

കർണ്ണാടകസംഗീതത്തിൽ ഏതൊരു ശബ്ദത്തേയും പുറപ്പെടുവിപ്പിക്കാൻ സപ്തസരങ്ങളിലൂടെ സാധിക്കുന്നു. സ്വരസ്ഥാനങ്ങൾക്കനുസൃതമായിട്ടുള്ള ശബ്ദസഞ്ചാരങ്ങളാണ്  രാഗങ്ങൾ ….

കർണ്ണാനന്ദകരവും  ആസ്വാദകമനസ്സിനെ ഉത്തേജിപ്പിക്കുന്നതുമായ ഈ  രാഗങ്ങളാണ് ഭാരതീയ സംഗീതത്തെ അമൃതവർഷിണിയായി രൂപാന്തരപ്പെടുത്തുന്നത് …

അതുകൊണ്ടുതന്നെ ലോക സംഗീതത്തിന്റെ ഭൂപടത്തിൽ കർണ്ണാടകസംഗീതരാഗങ്ങൾക്കും ഹിന്ദുസ്ഥാനി രാഗങ്ങൾക്കുമുള്ള സ്ഥാനം നിസ്തുലമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു ….

നാലു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ “ശങ്കരാഭരണം ” എന്ന സംഗീതാത്മക ചിത്രം ഈ സാരസ്വതരഹസ്യമാണ് വെളിപ്പെടുത്തുന്നത് …

ശങ്കരാഭരണത്തിന്റെ അഭൂതപൂർവ്വമായ വിജയമായിരിക്കാം ഇത്തരം ചലച്ചിത്രങ്ങൾ മലയാളത്തിലും നിർമ്മിക്കാൻ ശ്രീകുമാരൻ തമ്പിയേയും  എൻ ശങ്കരൻ നായരേയുമെല്ലാം  പ്രേരിപ്പിച്ചത്…

എന്നാൽ ശ്രീകുമാരൻ തമ്പിയുടെ “ഗാന” വും ശങ്കരൻ നായരുടെ “സ്വത്തും ” ശങ്കരാഭരണത്തിന്റെ ജനപ്രീതി നേടിയെടുക്കുന്നതിൽ കാര്യമായി വിജയിച്ചില്ല ….

രാജ്കല ഫിലിംസിന്റെ ബാനറിൽ  എൻ ശങ്കരൻ നായർ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു 1980-ൽ  തിയേറ്ററുകളിൽ എത്തിയ “സ്വത്ത് “.

വി ടി  നന്ദകുമാറിന്റേതായിരുന്നു കഥ . അക്കാലത്ത് ശങ്കരൻ നായരുടെ ചിത്രങ്ങളിലെ സ്ഥിരം നായകവേഷം ചെയ്തിരുന്ന കമലഹാസനേയും സറീനാ വഹാബിനേയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കാൻ സംവിധായകൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ കമലഹാസന് തമിഴ് ,തെലുഗു , ഹിന്ദി ചിത്രങ്ങളിൽ തിരക്കേറിയതിനാൽ  ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കുവാൻ കഴിഞ്ഞതുമില്ല.

പകരം രവികുമാർ  (അവളുടെ രാവുകൾ, ഉല്ലാസയാത്ര തുടങ്ങിയ ചിത്രങ്ങളിലെ രവികുമാർ അല്ല )എന്ന ഒരു പുതുമുഖ നായകനെ വെച്ചുകൊണ്ട് ചിത്രം പൂർത്തിയാക്കിയെങ്കിലും സിനിമ പരാജയപ്പെടുകയാണ് ഉണ്ടായത്.

ഈ ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത് എം ഡി രാജേന്ദ്രൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന

“മായാമാളവ ഗൗള രാഗ ….” എന്ന ഗാനത്തിലൂടെ മാത്രമാണ്.

ചിത്രത്തിന്റെ  സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്റർ തന്നെയാണ് “ശാലിനി എൻെറ കൂട്ടുകാരി ” എന്ന ചിത്രത്തിലെ

“ഹിമശൈലസൈകതഭൂമിയിൽ 

നിന്നു നീ

പ്രണയപ്രവാഹമായി വന്നൂ

അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന

പ്രഥമോദബിന്ദുവായ് തീർന്നൂ ….”

എന്ന കവിത തുളുമ്പുന്ന ഗാനത്തിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച  എം ഡി  രാജേന്ദ്രൻ എന്ന യുവകവിയെ ഈ ചിത്രത്തിന് വേണ്ടി പാട്ട്  എഴുതുവാൻ  നിർമ്മാതാവിനോട്  ശുപാർശ ചെയ്തതത്രെ…

M.D. Rajendran – Movies, Bio and Lists on MUBI

ഗാനരചനാരംഗത്തെ കുലപതിമാർ പലരും മദ്രാസിൽ തന്നെ ഉണ്ടായിരിക്കേയാണ് ആകാശവാണി  തൃശ്ശൂർ നിലയത്തിൽ ജോലി ചെയ്തിരുന്ന  എം ഡി ആറിനെ  ദേവരാജൻ മാസ്റ്റർ  ഈ പാട്ടെഴുതാൻ മദ്രാസിലേക്ക് വിളിച്ചുവരുത്തുന്നത് .

“ടിക്കറ്റ് കിട്ടുമോ …” എന്ന  എം ഡി ആറിന്റെ ആശങ്കയ്ക്ക് മറുപടിയായി ദേവരാജൻ  മാസ്റ്റർ പറഞ്ഞത്  ” നീ ജനറൽ കമ്പാർട്ട്മെന്റിൽ കയറിയായാലും നാളെ കാലത്ത് തന്നെ ഇവിടെ എത്തണം ….”എന്നായിരുന്നു.

തൃശ്ശൂർ നിന്നും  ജനറൽ കംപാർട്ടുമെന്റിൽ ഉറങ്ങാൻ പോലും പറ്റാതെ പിറ്റെ ദിവസം അതിരാവിലെ എം ഡി രാജേന്ദ്രൻ  മദ്രാസിൽ എത്തുന്നു.

“ഈ പാട്ട് എഴുതാൻ ഞാൻ മനസ്സിൽ കണ്ടിരുന്നത് വയലാറിനെയായിരുന്നു. അദ്ദേഹം പോയി …ഇനിയിപ്പ  നിന്നെക്കൊണ്ട് മാത്രമേ ഞാൻ വിചാരിച്ച മാതിരി ഇത് എഴുതാൻ പറ്റൂ ….”

 ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ എം ഡി ആറിന്റെ  മനസ്സിൽ കുളിരു കോരിയിട്ടു ….

പച്ചപ്പനംതത്തേ 

പുന്നാര പൂമുത്തേ ….”

എന്ന ഒറ്റ ഗാനം കൊണ്ട് പഴയകാല നാടക ആസ്വാദകരുടേയും പുതിയകാല ചലച്ചിത്ര പ്രേമികളുടേയും മനസ്സിൽ ഇടംപിടിച്ച പൊൻകുന്നം ദാമോദരന്റെ മകൻ  എം ഡി രാജേന്ദ്രന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന കാവ്യസൗരഭ്യം ദേവരാജൻ മാസ്റ്റർ തിരിച്ചറിയുകയായിരുന്നു ….

കർണാടക സംഗീതത്തിലേയും ഹിന്ദുസ്ഥാനി സംഗീതത്തിലേയും  14 രാഗങ്ങളേയും  പ്രതിപാദിക്കുന്ന ഒരു രാഗമാലികയായിരുന്നു ദേവരാജൻ മാസ്റ്ററുടെ മനസ്സിൽ .

“സ്വത്തി” നുവേണ്ടിയുള്ള ഈ ഗാനം എഴുതി സംഗീതം പകർന്ന് യേശുദാസ് പാടി റെക്കോർഡിങ്ങ് കഴിഞ്ഞിട്ടുവേണം തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് അമേരിക്കയിലേക്ക് പറക്കാൻ അവശേഷിക്കുന്നത് കേവലം  24 മണിക്കൂർ സമയം മാത്രം.

മദ്രാസിലുള്ള ദേവരാജൻ മാസ്റ്ററുടെ വസതിയിലെ ചുവന്ന കാർപ്പെറ്റിൽ മലർന്ന് കിടന്നുകൊണ്ട് അദ്ദേഹം14 രാഗങ്ങളേയും സവിസ്തരം പ്രതിപാദിച്ചത് എം ഡി ആർ ഒരു പുലർകാലസുന്ദരസ്വപ്നം പോലെ ഇന്നും ഓർക്കുന്നു …

ഓരോ രാഗത്തിന്റെയും ഭാവഗരിമ ചോർന്നു പോകാതെ എം ഡി രാജേന്ദ്രൻ അവയെല്ലാം കടലാസിലേക്ക് പകർത്തി മലയാളത്തിലെ ഏറ്റവും ദീർഘമേറിയ ഈ രാഗമാലികയിൽ  മായാമാളവ ഗൗള രാഗം ,വീണാധരി , സൂര്യകോംശ്, മേഘരാഗം ,  ജലധരകേദാരം , ലതാംഗി, മല്ലികാവസന്തം , കേദാരം , രേവതി, നീലാംബരി,  ജ്യോതിസ്വരൂപിണി ,ഉദയരവിചന്ദ്രിക , താണ്ഡവപ്രിയ , വിഭാവരി  തുടങ്ങി ഹിന്ദുസ്ഥാനി , കർണ്ണാടക സംഗീതത്തിലെ 14 രാഗങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട് …

  ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് മനോഹരമായി ഈ ഗാനം ആലപിച്ചു.

അക്കാലത്ത്  എസ് കെ നായരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന  “മലയാളനാട് ” വാരികയിൽ പ്രശസ്ത പത്രപ്രവർത്തകനായ കണിയാപുരം രാമചന്ദ്രൻ ഈ ഗാനത്തെക്കുറിച്ച്ഒരു വലിയ ലേഖനം തന്നെ എഴുതുകയുണ്ടായി …

പക്ഷേ കമലഹാസന്റെ അഭാവത്തിൽ ചിത്രം പരാജയപ്പെട്ടത് “മായാമാളവ ഗൗളരാഗ …”ത്തെ ശരിക്കും  ബാധിച്ചു. ദേവരാജൻ മാസ്റ്റർ പ്രതീക്ഷിച്ച ജനപ്രീതി നേടിയെടുക്കാൻ  ഈ ഗാനത്തിന് കഴിഞ്ഞില്ല. എങ്കിലും എം ഡി രാജേന്ദ്രൻ ഈ ഗാനം ഒരു നിധി പോലെ ഇന്നും മനസ്സിൽ  സൂക്ഷിക്കുന്നു.

ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മുതൽ ഓസ്കാർ അവാർഡ് ജേതാവായ കീരവാണിയുടെ സംഗീതത്തിന് വരെ വരികൾ എഴുതിയ എം ഡി ആറിന് ഈ ഗാനം എഴുതാൻ ദേവരാജൻ മാസ്റ്റർ തന്നെ തെരഞ്ഞെടുത്തതിന്റെ സന്തോഷവും അഭിമാനവും ഇന്നും കോരിത്തരിപ്പോടെ  മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ ….

തനിക്ക് ചലച്ചിത്ര  ഗാനരചനയുടെ വിശാലഭൂമികയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ അവാർഡ് ഈ ഗാനമാണെന്ന്  അദ്ദേഹം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു…

**********************

( സതീഷ് കുമാർ: 9030758774      )

**********************†