ഒട്ടകത്തെപ്പോലെ കരഞ്ഞു നടക്കുന്നു മോദിയെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച
ബി.ജെ.പി നേതാവ്  സുബ്രഹ്മണ്യ സ്വാമി  വീണ്ടും കടുത്ത പരിഹാസവുമായി രംഗത്തെത്തി.

ചൈനയുടെ നാവിക കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുവാദം നല്‍കിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹ മാധ്യമങ്ങളിലെ സ്വാമിയുടെ പോസ്റ്റ്.

മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതല്‍ ലഡാക്കില്‍ ചൈന 4042 ചതുരശ്ര കിലോമീറ്റർ കൈയേറിയിട്ടും ഒരു എതിർപ്പുപോലും ഉയർത്തിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി, ‘ആരും വന്നിട്ടില്ല’ എന്നു പറയുകയാണെന്നും സ്വാമി പറഞ്ഞു.

പാർട്ടിയില്‍നിന്ന് ഒതുക്കാനായി നേരത്തേ എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അടല്‍ ബിഹാരി വാജ്പേയി എന്നിവരെ പാർട്ടിയുടെ മാർഗദർശക് മണ്ഡല്‍ (ഉപദേശക സമിതി) അംഗങ്ങളാക്കി തെരഞ്ഞെടുത്തിരുന്നു.

മാർഗദർശക് മണ്ഡല്‍ അംഗങ്ങള്‍ക്ക് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഒരു പങ്കുമില്ല. മോദിയും അമിത് ഷായും ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സീനിയർ നേതാക്കളെ ഉപദേശകരാക്കി ഒതുക്കിയത്.

മോദിക്ക് ‘മാർഗദർശക് മണ്ഡലി’ലേക്ക് പോകാനുള്ള സമയമായെന്ന പരിഹാസത്തോടെയാണ് സ്വാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വ്യക്തി ജീവിതത്തില്‍, പ്രത്യേകിച്ച്‌ ഭാര്യയോടുള്ള പെരുമാറ്റത്തില്‍ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നായിരുന്നു നേരത്തെയുള്ള സ്വാമിയുടെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ പത്തുവർഷമായി രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലല്ല മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോദിയെ അനുവദിക്കാൻ രാമഭക്തന്മാർക്ക് എങ്ങനെ കഴിയുന്നു എന്നും സ്വാമി ചോദിച്ചിരുന്നു.

ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാല്‍, മോദിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരില്‍ അറിയപ്പെടുന്നയാളാണ് – ഇതായിരുന്നു സ്വാമിയുടെ പരിഹാസം.