എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്. കേസ് കോടതിയിൽ ലിസ്റ്റ് ചെയ്യുന്നത് ഇത് 31-ാം തവണയാണ്

ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. മൂന്നരയ്ക്ക് ശേഷമാണ് ലാവലിൻ ഹർജികൾ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്. കേസ് പരി​ഗണനയ്ക്കായി വിളിച്ച സമയത്ത് സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ ഉണ്ടായിരുന്നില്ല.

അഭിഭാഷകൻ കോടതിയിൽ ഇല്ലാത്തതിനാൽ ഹർജി അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, കേസ് അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരി​ഗണിക്കുന്നത് മാറ്റുകയായിരുന്നു.

2017-ൽ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി.

ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. ജസ്റ്റിസ് സൂര്യകാന്തിന് പുറമെ, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉൾപ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.

2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.