വ്യാജ വാര്‍ത്താ ചാനലുകള്‍ക്ക് കടിഞ്ഞാണ്‍

ന്യൂഡൽഹി: യു ട്യൂബ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകളില്‍ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബ് അധികൃതർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഇത്തരം വീഡിയോകള്‍ക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന അര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബല്‍ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാര്‍ഗങ്ങളാണ് ഇതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഒക്ടോബര്‍ 22നു മുമ്ബായി ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതാണ്. പോണോഗ്രഫി, കുട്ടികള്‍ക്ക് മേലുള്ള ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള ഉള്ളടക്കങ്ങള്‍ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് എക്സ്, യൂട്യൂബ്, ടെലഗ്രാം ഇനി പ്ലാറ്റ്ഫോമുകളുടെ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിവരുന്ന നിയമപരിരക്ഷ പിൻവലിക്കുന്നതാണ്.