ഇന്ത്യയിലായിരുന്നെങ്കിൽ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുമായിരുന്നില്ല

ജയ്പൂർ :യേശുക്രിസ്തു ഭാരതത്തിലാണ് ജീവിച്ചിരുന്നതെങ്കിൽ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

മുൻ വിദേശകാര്യ സെക്രട്ടറി പവൻ വർമ, എഴുത്തുകാരൻ ഭദ്രി നാരായണ എന്നിവർ തമ്മിൽ വേദിയിൽ ചർച്ച നടന്നിരുന്നു.ആത്മീയത അടിസ്ഥാനമായുള്ള ഇന്ത്യൻ ജീവിതശൈലി, രാജ്യത്തെ നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നുവെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു. ഇന്ത്യക്കാർ കച്ചവടത്തിനും മറ്റുമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളെ കോളനി വത്കരിക്കുകയോ, ജനങ്ങളെ അടിമകളാക്കുകയോ ഇന്ത്യക്കാർ ചെയതിട്ടില്ല.

വിവിധ ജാതികാർ തമ്മിലുള്ള വിവാഹങ്ങളെ ആർഎസ്എസ് അനുകൂലിക്കുന്നുണ്ടെങ്കിലും ഇന്നും രാജ്യത്ത് നടക്കുന്നതിൽ 90 ശതമാനവും സ്വജാതിയിൽപ്പെട്ട വിവാഹങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യത്യസ്ത ആശയങ്ങളേയും വീക്ഷണങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 99% ജനങ്ങളും മതപരിവർത്തനം നടത്തിയവരാണ്.ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾ രാമനാണ് അവരുടെ പൂർവികനെന്ന് കരുതുന്നു.അങ്ങനെയെങ്കിൽ ഭാരതത്തിലെ ജനങ്ങൾക്കും അത് കഴിയും.

ക്രിസ്തീയ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600കളിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ വംശജൻ ജിയോർദാനോ ബ്രൂണോയ്ക്ക്, ഇന്ത്യയിലായിരുന്നുവെങ്കിൽ ഈ ഗതിയുണ്ടാവില്ലായിരുന്നുവെന്ന് വിവേകാനന്ദ സ്വാമിയുടെ ശിഷ്യ സിസ്റ്റർ നിവേദിത എഴുതിയത് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയിലായിരുന്നുവെങ്കിൽ യേശുക്രിസ്തുവിനും കുരിശിലേറേണ്ടി വരില്ലായിരുന്നുവെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു. അതാണ് ഭാരതത്തിന്റെ പാരമ്പര്യം. ഭാരതത്തിലെ ഓരോരുത്തരും ഹിന്ദുവാണെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് ചർച്ചയിൽ അദ്ദേഹം വാദം പൂർത്തിയാക്കിയത്.