പൂരം കലക്കിയ പോലീസ് ഉദ്യോഗസ്ഥരെ മാററാൻ നീക്കം

തിരുവനന്തപുരം: തൃശൂർ പൂരം അലമ്പാക്കിയ സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകനെയും അസിസ്റ്റൻറ് കമ്മിഷണർ സുദർശനെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടുകൂടിയാണു ഇവരെ നീക്കുക.അങ്കിത്തിന് പകരം കമ്മിഷണറായി നിയമിക്കാനുള്ള മൂന്ന് പേരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.

പോലീസിന്റെ നടപടികൾക്കെതിരെ ഉയർന്ന പരാതികൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്കും മുഖ്യമന്ത്രിക്ക് നിർദേശം നൽകി.

പൂരവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇവ അന്വേഷണത്തിനായി ഡിജിപിക്ക് കൈമാറിയതായും. വിഷയം ഗൗരവതരമായാണ് കാണുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൂരപ്പറമ്പിൽ ജനങ്ങളെ ശത്രുവായി കണ്ട തൃശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അന്വേഷണം വേണമെന്ന് സിപിഎമ്മും എൽഡിഎഫും ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസമാകുംവിധം പോലീസ് റോഡ് തടഞ്ഞതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ആനയ്ക്കു പട്ട കൊണ്ടുപോകുന്നവരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞു. ”എടുത്തോണ്ട് പോടാ പട്ട…”എന്നായിരുന്നു ആനയ്ക്കു പട്ടയും കൊണ്ടുപോയ ആളോട് പോലീസ് കമ്മിഷണർ പറഞ്ഞത്.

ദേവസ്വം നിയോഗിച്ച വളണ്ടിയർമാരിൽ ഭൂരിഭാഗം പേരെയും കമ്മിറ്റി അംഗങ്ങളെയും വെടിക്കെട്ട് സ്ഥലത്തുനിന്ന് ഒഴിവാക്കാനുള്ള പോലീസ് നീക്കവും തർക്കത്തിനിടയാക്കി. തിരുവമ്പാടി ഭാഗത്തുനിന്ന് റൗണ്ടിലേക്കുള്ള എല്ലാവഴികളും അടച്ചു. തിരുവമ്പാടിയുടെ രാത്രി പഞ്ചവാദ്യത്തിന് ദേശക്കാർക്കുപോലും എത്താനാകാത്ത സ്ഥിതിയുണ്ടായി. ഇതേത്തുടർന്ന് പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു.

പൂരത്തിനു മുന്നോടിയായിനടന്ന ചർച്ചയിലെ തീരുമാനത്തിന് വിരുദ്ധമായാണ് പത്തരമുതൽ റോഡ് അടച്ചത്. വഴികൾ രണ്ടിന് അടച്ചാൽമതിയെന്ന തീരുമാനമാണ് പോലീസ് തന്നെ അട്ടിമറിച്ചത്. എം ജി റോഡ്, എ ആർ മേനോൻ റോഡ്, ഷൊർണൂർ റോഡ് എന്നീ പ്രധാന റോഡുകളെല്ലാം പോലീസ് വളരെ നേരത്തേ അടച്ചു. റൗണ്ടിൽ ജോസ് തിയേറ്ററിനുസമീപവും ബാരിക്കേഡ് വെച്ച് ആളുകളെ തടഞ്ഞു.

പൂരം ചടങ്ങാക്കാൻ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകൾ അണിനിരക്കേണ്ടത് ഒന്നാക്കി കുറച്ചു. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. തർക്കത്തെത്തുടർന്ന്, പുലർച്ചെ മൂന്നിന് നിശ്ചയിച്ച വെടിക്കെട്ട് രാവിലെ ഏഴേകാലോടെയാണ് നടന്നത്.

പ്രശ്നങ്ങളെത്തുടർന്ന് ചിലയിടത്ത് ജനക്കൂട്ടം പോലീസിനെതിരെ ‘ഗോബാക്ക്’ വിളിച്ചു. പ്രശ്നം രൂക്ഷമായതോടെ കലക്ടറും മന്ത്രി കെ രാജനും പുലർച്ചെ തന്നെ ചർച്ചകൾക്കെത്തി. ബിജെപി നേതാക്കളും ദേവസ്വം ഓഫീസിൽ എത്തിയിരുന്നു. ഒടുവിൽ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചപ്പോൾ അഞ്ചുമണിയായി. ഇതനുസരിച്ച് ഏഴേകാലോടെ പാറമേക്കാവും ഏഴേമുക്കാലോടെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. തുടർന്ന്, പകൽപ്പൂരവും ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയലും നടന്നു.