അരവിന്ദ് കേജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന: സുനിത കേജ്രിവാൾ

റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിഹാർ ജയിലിൽ വെച്ച് കൊല്ലാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കേജ്രിവാൾ ആരോപിച്ചു.റാഞ്ചിയിൽ ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കെജ്‌രിവാളിന് ടൈപ്പ്-2 പ്രമേഹമുണ്ടെന്നും എന്നാൽ അദ്ദേഹം ജയിലിൽ ആലു പൂരിയും മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുകയാണെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

“അദ്ദേഹത്തിൻ്റെ ഭക്ഷണത്തിന് ചുറ്റും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണവും നിരീക്ഷിക്കപ്പെടുന്നു. ഇത് വളരെ ലജ്ജാകരമാണ്. ഷുഗർ രോഗിയായ അദ്ദേഹം 12 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നുണ്ട്, പക്ഷേ ജയിലിൽ ഇൻസുലിൻ നിഷേധിക്കപ്പെടുന്നു. മുഖ്യമന്ത്രിയെ കൊല്ലാൻ അവർ ആഗ്രഹിക്കുന്നു- സുനിത പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും കുറ്റക്കാരെന്ന് തെളിയിക്കാതെ ജയിലിൽ അടച്ച നിലവിലെ ഭരണം ‘സ്വേച്ഛാധിപത്യം’ ആണ്. കുറ്റം തെളിയിക്കപ്പെടാതെയാണ് അവരെ ജയിലിലടച്ചത്. ഇതൊരു ഏകാധിപത്യമാണ്. എന്താണ് എൻ്റെ ഭർത്താവ് ചെയ്ത തെറ്റ് ? അവർ ചോദിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്രിവാളിന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.