രാമക്ഷേത്ര ചടങ്ങ്: കോൺഗ്രസ്സ് വിട്ടു നിൽക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ  ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തല്പര്യമുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സൂചന.

ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതൂ സംബന്ധിച്ച തീരുമാനം.

ഉത്തർപ്രദേശിലെയും ബിഹാറിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിർദേശം തേടുകയായിരുന്നു.നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ സൂചിപ്പിച്ചതായി പാർടി വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ചടങ്ങിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നത് തടയാൻ ഇത് ആവശ്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.

ഉദ്ഘാടന ചടങ്ങിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ക്ഷണം അയച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.