അയോധ്യ: കോണ്‍ഗ്രസിനെതിരെ എന്‍എസ്എസ്

In Editors Pick, കേരളം
January 11, 2024

ചങ്ങനാശേരി: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും എന്‍എസ്എസിന്റെ പരോക്ഷ വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എന്‍.എസ്.എസ്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍.എസ്.എസ്. നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണ ഘട്ടം മുതല്‍ എന്‍.എസ്.എസ്. സഹകരിച്ചിരുന്നു. കഴിയുമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് നിലപാടിനെ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അഭിനന്ദിച്ചു. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ഇരു പാര്‍ട്ടികളും ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതും ഐക്യം ശക്തിപ്പെടുത്തുന്നതുമാണ് എന്‍. എസ്. എസ് നിലപാട് എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.