സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍

In Editors Pick
January 11, 2024

കാസര്‍ഗോഡ്: കൈവെട്ടുകേസില്‍ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നും വിവാഹിതനായ സജാദ് അവിടെ നല്‍കിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്.

വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് വരന്‍ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല എന്നും ഭാര്യയുടെ പിതാവ് പറയുന്നു. കര്‍ണാടക സ്വദേശിയാണ് സവാദിന്റെ ഭാര്യാപിതാവ്. 25 വര്‍ഷമായി മഞ്ചേശ്വരത്താണ് താമസം. വിവാഹം കഴിച്ചു കൊടുക്കുമ്പോള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിനോടും പറഞ്ഞത്.

അതേസമയം ഷാജഹാന്‍ എന്ന പേരിലാണ് സവാദ് കണ്ണൂര്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്നത്. മകള്‍ക്കും ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കുമൊപ്പം രണ്ടുവര്‍ഷം മുമ്പാണ് സവാദ് ബേരത്ത് വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. അതിന് മുമ്പ് വിളക്കോടായിരുന്നു താമസിച്ചിരുന്നത്. അയല്‍ക്കാരായ ആള്‍ക്കാരുമായി അധികം ബന്ധം പുലര്‍ത്താതിരുന്ന സവാദ് രാവിലെ ജോലിക്ക് പോകുകയും രാത്രി തിരിച്ചുവരികയുമായിരുന്നു.