ആവാസ് യോജനയില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കാന്‍ കേന്ദ്രം

In Editors Pick, കേരളം
January 23, 2024

കൊച്ചി: പ്രധാന്‍മന്ത്രി ആവാസ് യോജന പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ഒഴിവായിപ്പോയവര്‍ക്ക് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് വീട് ലഭിക്കുക.

2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത്, 1,31,757 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 1,11,902 വീടുകളുടെ നിര്‍മാണം തുടങ്ങിയതില്‍ ഇതിനോടകം 84,022 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ശേഷിക്കുന്നവരില്‍ വിവിധ കാരണങ്ങളാല്‍ വീടുനിര്‍മാണം തുടങ്ങി പാതിവഴിയില്‍ അവസാനിപ്പിച്ചവരുണ്ട്. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വീടുനിര്‍മിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ സ്വമേധയാ ഒഴിവായിപ്പോയവരും ഏറെയാണ്. സ്ഥലരേഖയിലെ പ്രശ്‌നങ്ങളാല്‍ ഒഴിവായവരും മറ്റുപദ്ധതികള്‍പ്രകാരം വീട് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവായവരുടെ കണക്കിന് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതോടൊപ്പം ഒഴിവായവരുടെ കണക്കുമെടുത്തായിരിക്കും ഡി.പി.ആര്‍. തയ്യാറാക്കുക. അതത് നഗരസഭകളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.

നേരത്തെനല്‍കിയ അപേക്ഷകള്‍ പ്രകാരം ലൈഫ് ഭവനപദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പ്രധാനമായും പുതിയവീടുകള്‍ക്കായി പരിഗണിക്കുക. ലൈഫ് മിഷന്റെ ‘ഭൂരഹിത ഭവനരഹിത’ പദ്ധതിയിയില്‍ ഉള്‍പ്പെട്ടവരില്‍ ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ഭൂമി ലഭ്യമായിട്ടുള്ളവരും പട്ടികയില്‍ ഉള്‍പ്പെടും. എല്ലാവരെയും മുന്‍ഗണനാക്രമത്തിലായിരിക്കും പരിഗണിക്കുക. നിലവിലുള്ള പട്ടിക പൂര്‍ത്തിയായ നഗരസഭകളുണ്ടെങ്കില്‍ ഇവര്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാം.