March 18, 2025 7:16 pm

ബംഗ്ലാദേശില്‍ പ്രസിഡന്റ് പദവി ഉറപ്പിച്ച് ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്.

ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ മത്സരിച്ച ഹസീന 2,49,965 വോട്ടോടെ ജയിച്ചു. തൊട്ടടുത്ത എതിരാളി ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കര്‍ക്ക് 469 വോട്ടേ ലഭിച്ചുള്ളൂ. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഏകദേശം 40 ശതമാനം പോളിങ്ങാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് 80 ശതമാനമായിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യവ്യാപകമായി നടന്ന അക്രമങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.

രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. അവാമി ലീഗ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ഒരിടത്തെ വോട്ടെടുപ്പ് മാറ്റിവെച്ചു. 27 രാഷ്ട്രീയപ്പാര്‍ട്ടികളിലെ 1,500-ലേറെ സ്ഥാനാര്‍ഥികളും 436 സ്വതന്ത്രസ്ഥാനാര്‍ഥികളുമാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇന്ത്യയുള്‍പ്പെടെ നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ നിരീക്ഷകരായുണ്ടായിരുന്നു. ക്രമസമാധാനപാലനത്തിന് 7.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

എന്നാല്‍, പ്രധാന പ്രതിപക്ഷ കക്ഷിയായ ബി.എന്‍.പി.യും മറ്റു 15 പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെ ബി.എന്‍.പി. രാജ്യവ്യാപക പണിമുടക്കും പ്രഖ്യാപിച്ചു.

നര്‍സിങ്ദിയിലെ ഒരു ബൂത്തിലും നാരായണ്‍ഗഞ്ചില്‍ രണ്ടിടങ്ങളിലും അട്ടിമറി ആരോപണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കി. നര്‍സിങ്ദിയില്‍ വോട്ടുതട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി നൂറുള്‍ മജീദ് മഹ്‌മൂദ് ഹുമയൂണിന്റെ മകനെ അറസ്റ്റുചെയ്തു. ഛത്തോഗ്രാം-10ല്‍ അവാമി ലീഗിന്റെയും സ്വതന്ത്രസ്ഥാനാര്‍ഥിയുടെയും അനുയായികള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിനിടെ വെടിവെപ്പുണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹസാരിബാഗിലെ ബൂത്തിനടുത്തുണ്ടായ നാടന്‍ബോംബ് സ്‌ഫോടനത്തില്‍ കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.

ബി.എന്‍.പി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും 1971-ലെ വിമോചനയുദ്ധത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ച ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും ഹസീന മാധ്യമങ്ങളോടു പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News