എഐ ക്യാമറ: പിഴയീടാക്കുന്നതില്‍ ഗുരുതര വീഴ്ച്ച

In Editors Pick, കേരളം
January 23, 2024

തിരുവനന്തപുരം: എ.ഐ. ക്യാമറ പിടികൂടിയതിന്റെ മൂന്നിലൊന്ന് നിയമലംഘനങ്ങള്‍ക്കുപോലും പിഴചുമത്താന്‍ കഴിഞ്ഞില്ല. ക്യാമറ പ്രവര്‍ത്തിച്ചുതുടങ്ങിയ 2023 ജൂണ്‍ അഞ്ചുമുതല്‍ ഒക്ടോബര്‍ 31 വരെ 74,32,371 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 236 കോടിരൂപ ചെലവിട്ട പദ്ധതിയില്‍ അഞ്ചുവര്‍ഷംകൊണ്ട് 424 കോടിരൂപ പിഴയായി ലഭിക്കുമെന്നായിരുന്നു നിഗമനം. 188 കോടിരൂപ സര്‍ക്കാരിന് അധികമായി ലഭിക്കുമെന്നും കെല്‍ട്രോണ്‍ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, അഞ്ചുമാസം പിന്നിടുമ്പോള്‍ 21 കോടി മാത്രമാണ് പിഴയായി ലഭിച്ചത്.

ഇതില്‍ 58,29,926 എണ്ണം മാത്രമാണ് പരിശോധിക്കാന്‍ കഴിഞ്ഞത്. 23,06,023 കേസുകള്‍ പിഴ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടിയായി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തിലേക്ക് മാറ്റി. 21,03,801 ചെലാനുകള്‍ തയ്യാറാക്കി. ഇതുപ്രകാരം 139 കോടിരൂപ പിഴചുമത്തിയിട്ടുണ്ട്. എന്നാല്‍, 21.40 കോടിരൂപയാണ് പിഴയായി ഖജനാവില്‍ ലഭിച്ചിട്ടുള്ളത്.

നിയമലംഘനങ്ങള്‍ക്ക് കുറവില്ലെങ്കിലും കേസെടുക്കുന്നതില്‍ വേഗമില്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. നിയമലംഘനങ്ങള്‍ക്ക് ആനുപാതികമായി പിഴചുമത്തിയില്ലെങ്കില്‍ കുറ്റം ആവര്‍ത്തിക്കുന്നത് തടയാന്‍ കഴിയില്ല. കെല്‍ട്രോണും മോട്ടോര്‍വാഹനവകുപ്പും ചേര്‍ത്തുന്നുള്ള സംയുക്തസംരംഭത്തില്‍ ഇരുകൂട്ടരുടെയും വീഴ്ച പദ്ധതി നടത്തിപ്പിലുണ്ട്.

കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വാഹന്‍ സോഫ്റ്റ്വേറിലേക്കാണ് പിഴ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. ഇത് സ്ഥിരമായി തകരാറിലാകുന്നുണ്ട്. എ.ഐ. ക്യാമറകളില്‍നിന്നുള്ള വിവരങ്ങള്‍ സോഫ്റ്റ്വേറിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം കെല്‍ട്രോണിന്റെ ചുമതലയിലാണ്. ഇതിലും സാങ്കേതികപ്പിഴവുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടില്ല.

ക്യാമറകള്‍ക്ക് വൈദ്യുതി നല്‍കുന്ന സോളാര്‍പ്പാനലുകള്‍ക്കുണ്ടായ തകരാറും തിരിച്ചടിയായി. ഇവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കാത്തതിനാല്‍ വൈദ്യുതിലഭ്യതയിലും കുറവുണ്ട്. ക്യാമറ സ്ഥാപിച്ചതിന് കെല്‍ട്രോണിനുള്ള ആദ്യഗഡുവായി 11.75 കോടിരൂപ നല്‍കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതിനല്‍കിയിരുന്നു.