ഗുരുവായൂര്‍ ദേവസ്വം; പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലെന്ന്

In Editors Pick, Special Story
October 05, 2023

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.

എന്നാല്‍ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരണ പത്രിക നല്‍കാമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു പുറത്തു വന്ന സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ ഇത്തരമൊരു ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പണം ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.ഗുരുവായൂര്‍ ദേവസ്വത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യത്തില്‍ വിശദീകരണ പത്രിക നല്‍കാന്‍ നിര്‍ദ്ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.