മതേതര ഇന്ത്യയെ പിന്തുണച്ച് 79 ശതമാനം പേർ

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ്‍ ഡിഎസ്) നടത്തിയ പ്രീ പോൾ സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും മതേതര ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം.

പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും നടത്തുന്ന സിഎസ്‍ഡിഎസ് – ലോക്നീതി സർവേകൾ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.100 പാർലമെന്‍റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലായിരുന്നു സർവേ.

ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും തുല്യ ഇടമുള്ള രാജ്യമായി രാജ്യം തുടരണമെന്ന് 79 ശതമാനം പേരും അഭിപ്രായപ്പെടുന്നു.എല്ലാ മതങ്ങൾക്കും തുല്യതയുള്ള രാജ്യമാണ് ഇന്ത്യ എന്നതിനെ 80 ശതമാനം ഹിന്ദുമത വിശ്വാസികളും പിന്തുണയ്ക്കുന്നു.

ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വെയിലെ കണ്ടെത്തൽ. 2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ കമ്മീഷനിൽ അവിശ്വാസം രേഖപ്പെടുത്തി.

വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ കരുതുന്നു.