അതിർത്തി വിട്ടാൽ ഇവ‌ർ രണ്ടുപേരും ‘ഇന്ത്യ’ സഖ്യത്തിൽപ്പെട്ടവരാണ്

In Featured, Special Story
April 11, 2024

മാനന്തവാടി:” അതിർത്തി വിട്ടാൽ ഇവ‌ർ രണ്ടുപേരും ‘ഇന്ത്യ’ സഖ്യത്തിൽപ്പെട്ടവരാണ്. വയനാടിന്റെ തൊട്ടപ്പുറത്ത് കർണാടകവും തമിഴ്‌നാടുമാണ്. അവിടെ അവർ ഒന്നിച്ചുനിന്ന് ഒരുവേദിയിൽ അവർക്കുവേണ്ടി വാദിക്കുകയും ഇവിടെ വന്ന് കുറ്റം പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. അത് ജനങ്ങളെ കബളിപ്പിക്കുന്നതായിട്ടേ തോന്നിയിട്ടുള്ളു.”മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ പ്രസ്‌താവന ആയുധമാക്കി ബിജെപി

വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധിയെയും ആനി രാജയെയും കുറിച്ച് ആത്മീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

‘പ്രമുഖരായ രണ്ടുപേരാണ് വയനാട്ടിൽ നിൽക്കുന്നത്. രാഹുൽ ഗാന്ധിയും ആനി രാജയും. കേരളത്തിന്റെ അതിർത്തി വിട്ടാൽ ഇവ‌ർ രണ്ടുപേരും ‘ഇന്ത്യ’ സഖ്യത്തിൽപ്പെട്ടവരാണ്. വയനാടിന്റെ തൊട്ടപ്പുറത്ത് കർണാടകവും തമിഴ്‌നാടുമാണ്. അവിടെ അവർ ഒന്നിച്ചുനിന്ന് ഒരുവേദിയിൽ അവർക്കുവേണ്ടി വാദിക്കുകയും ഇവിടെ വന്ന് കുറ്റം പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. അത് ജനങ്ങളെ കബളിപ്പിക്കുന്നതായിട്ടേ തോന്നിയിട്ടുള്ളു. ഇവരിൽ ആര് പാർലമെന്റിൽ ചെന്നാലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സംസാരിക്കുക. അപ്പോൾ എന്തിനവർ പരസ്‌പരം മത്സരിക്കുന്നു എന്ന വല്ലാത്ത ചോദ്യം എന്റെ മനസിലുണ്ട്. ഇത് ഇവിടുത്തെ ജനങ്ങളെല്ലാം ചോദിക്കുന്ന ചോദ്യമാണ്.’ – ബിഷപ്പ് പറഞ്ഞു.

‘അതത് പ്രദേശത്ത് നിന്നുള്ളവർ തന്നെ പ്രതിനിധികളായി വരുന്നതാണ് നല്ലത്. വേദനയനുഭവിക്കുന്നവർ പ്രശ്നങ്ങൾ ചെന്നുപറയാൻ ചെല്ലുമ്പോൾ അതിന്റേതായ വ്യത്യാസമുണ്ടാകും. പുറത്ത് ഒന്നുമില്ലാതെ ജീവിക്കുന്നവർ പ്രതിനിധിയായ ചെന്ന് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ എല്ലാ കുറവുകളുമുണ്ടാകും. വയനാട് ലോക്‌സഭാ മണ്ഡലമെന്നാൽ വയനാട് മാത്രം ഉൾക്കൊള്ളുന്നതല്ല. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇവിടെ നിന്നുള്ള ഒരാൾ തന്നെ ജനപ്രതിനിധിയായി വരണമെന്നാണ് ആഗ്രഹം’ – ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു.

ഈ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീഡിയോ രൂപത്തിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്നും വോട്ടർമാർ ആഗ്രഹിച്ച കാര്യമാണ് ബിഷപ്പ് പറഞ്ഞതെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ, ബിഷപ്പ് പറഞ്ഞത് കെ സുരേന്ദ്രന് വേണ്ടിയല്ലെന്നും അങ്ങനെ കരുതി ആശ്വസിക്കാനേ പറ്റൂ എന്നും സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു പ്രതികരിച്ചു.