ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), ബി 32 മുതൽ 44വരെ(ശ്രുതി ശരണ്യം), ഷെഹർ സാദേ(വിഘ്നേഷ് പി ശശിധരൻ). ആട്ടം(ആനന്ദ് ഏകർഷി), ദായം(പ്രശാന്ത് വിജയ്). ഓ. ബേബി(രഞ്ജൻ പ്രമോദ്), കാതൽ(ജിയോ ബേബി), ആനന്ദ് മോണാലിസ മരണവും കാത്ത്(സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും), വലസൈ പറവകൾ (സുനിൽ കുടമാളൂർ) എന്നിവയാണ് ചിത്രങ്ങൾ.

അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നു.മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നില്‍ജ കെ. ബേബി തുടങ്ങിയവർ ആണ് അഭിനേതാക്കൾ.

ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.