തട്ട പരാമര്‍ശം:സമസ്ത നേതാവ് ഉമര്‍ ഫൈസി കേസിൽ കുടുങ്ങുന്നു

കോഴിക്കോട് : മൂസ്ലിം സമുദായത്തിലെ തട്ടമിടാത്ത സ്ത്രീകളൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ വകുപ്പുകൾ പ്രകാരം കേസെടുത്തു.

സാമൂഹിക പ്രവർത്തക  വി പി സുഹ്റ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമാണ്ഉമര്‍ ഫൈസി മുക്കം.

ഒരു ചാനൽ ചർച്ചയ്ക്കിടയിയാണ് ഉമര്‍ ഫൈസി അധിക്ഷേപ പരാമർശം നടത്തിയത്. ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് സുഹ്റ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹ്റ പലവട്ടം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലാണ് സുഹ്‌റ പ്രതിഷേധം അറിയിച്ചത്. പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത വി പി സുഹ്റ തട്ടം ഊരിയാണ് പ്രതിഷേധിച്ചത്.

ഇതിനിടെ, തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. ‘തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.