രാജീവ് ചന്ദ്രശേഖറിന് എതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്ത എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ ബോധിപ്പിച്ചിരുന്നു.

കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാതെ,പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹ‍ർജിയിലെ വാദം. കാരണം കൃത്യമായി രേഖപ്പെടുത്താതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്ന വാദവും ഹർജിക്കാർ ഉന്നയിച്ചിരുന്നു.