സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്; സൽ‍മ

In Featured, Special Story
September 27, 2023

കൊച്ചി: ”സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്. എന്റെ മകന്‍ അവിടെയാണ് താമസിക്കുന്നത്. മകള്‍ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭര്‍ത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ് ‘സിഗ്‌നേച്ചര്‍’ എന്ന സ്ഥാപനത്തിലാക്കിയത്.

കെ.ജി.ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് കുടുംബം ഗോവയില്‍ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയായി ഭാര്യ സല്‍മ ജോര്‍ജ്.

 തങ്ങള്‍ നോക്കിയില്ലെന്ന് യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നുവെന്നും അതൊക്കെ
പച്ച നുണയാണെന്നും ഗായിക കൂടിയായ സല്‍മ പറഞ്ഞു.മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സല്‍മ പ്രതികരിച്ചു.യൂട്യൂബിലും മറ്റും പലരും പലതാണ് പറയുന്നത്. കുരയ്ക്കുന്ന പട്ടിയുടെ വായ നമുക്ക് അടയ്ക്കാന്‍ പറ്റില്ലല്ലോ.മനുഷ്യര്‍ പലതും പറയുന്നുണ്ട്. .

“ജോര്‍ജേട്ടന്‍ ഇഷ്ടം പോലെ നല്ല സിനിമകളുണ്ടാക്കി. പക്ഷെ അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. പക്ഷേ എല്ലാവരും പറയുന്നത് ഞങ്ങള്‍ സ്വത്ത് മുഴുവനെടുത്ത് കറിവേപ്പില പോലെ തള്ളിയെന്നൊക്കെയാണ്. അതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. ആരെയും ബോധിപ്പിക്കേണ്ട. ഞാനും മക്കളും ദൈവത്തെ മുന്‍നിര്‍ത്തിയാണ് ജീവിച്ചത്. നല്ലൊരു ഡയറക്ടര്‍ മാത്രമല്ല, നല്ല ഭര്‍ത്താവുമായിരുന്നു. മനുഷ്യര്‍ തമ്മില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഞാന്‍ അദ്ദേഹം മരിക്കുന്നതുവരെ വളരെ ആത്മാര്‍ത്ഥമായാണ് നോക്കിയത്.”

“പിന്നെ ഞങ്ങള്‍ക്കും ജീവിക്കണ്ടേ? മകള്‍ക്കും മകനും ജീവിക്കണം. അദ്ദേഹത്തിന് പക്ഷാഘാതം വന്നതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് അദ്ദേഹത്തെ പൊക്കി കുളിപ്പിച്ചെടുക്കാനും മറ്റും സാധിക്കില്ല. അതുകൊണ്ടാണ് സിഗ്‌നേച്ചറിലാക്കിയത്. അവര്‍ വളരെ നന്നായാണ് അദ്ദേഹത്തെ നോക്കിയത്. എല്ലാ ആഴ്ചയിലും പുള്ളിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം അടക്കം കൊടുത്തുവിടുമായിരുന്നു. സിനിമാ രംഗത്തുള്ളവരോടും ഫെഫ്കയോടുമൊക്കെ ചോദിച്ചാല്‍ അറിയാം ഞങ്ങള്‍ എത്ര നന്നായാണ് അദ്ദേഹത്തെ നോക്കിയതെന്ന്.”

പ്രായമായവര്‍ രോഗങ്ങള്‍ വന്നു മരിക്കും.കഷ്ടപ്പെടുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്. കഷ്ടപ്പെടുത്താതെ എടുത്തോളണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇനി പേരെടുക്കാന്‍ ഒന്നുമില്ല. അത്ര മികച്ച സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇനിയുണ്ടാകില്ല. എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുന്നതല്ല. ലോകത്തില്‍ ആര്‍ക്കും കെ.ജി ജോര്‍ജ്ജിനെ ഒരു കുറ്റവും പറയാനില്ല. ഒരു ഹൊറര്‍പടം ഉണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം നടന്നില്ല. പിന്നെ കാമമോഹിതം എന്ന സിനിമയും. അതും നടന്നില്ല. ബാക്കിയെല്ലാം നടന്നു.

“മരിച്ചുകഴിഞ്ഞാല്‍ കുഴിച്ചിടരുത്, ദഹിപ്പിക്കണം. എന്ന് എപ്പോഴും പറയും. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല. എന്റെ ആഗ്രഹം നടത്തിത്തരണമെന്നാണ് പറയാറുള്ളത്. അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ സാധ്യമാക്കികൊടുക്കുന്നു. ഞാന്‍ മരിച്ചാലും ദഹിപ്പിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ പള്ളിയില്‍ പോകാറില്ല. വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കും”- സല്‍മ പറഞ്ഞു.

കെ.ജി ജോര്‍ജ്ജിന്റെ ഭൗതിക ദേഹം കൊച്ചി ഇരവിപുരം സ്മശാനത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.