യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുല്‍ 22 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ പോലീസ് പിടിച്ചത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിനെ ഈ മാസം 22വരെ റിമാന്‍ഡ് ചെയ്തു.

ആദ്യം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. രാഹുലിന് ഞരമ്ബ് സംബന്ധിയായ അസുഖമുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ച്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

Kerala Kaumudi Online

 

സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റതിനെ തുടര്‍ന്ന് മരുന്ന് കഴിക്കുന്നതായി രേഖകള്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. കോടതിയില്‍ നിന്ന് പുറത്തിറക്കുമ്പോഴും പൂജപ്പുര ജയിലിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയ ശേഷം പുറത്തിറക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെ വകഞ്ഞ് മാറ്റാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ നാലാം പ്രതിയാണ് രാഹുല്‍. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. ഷാഫി പറമ്പിൽ എം എല്‍ എയും പ്രതിയാണ്.

രാഹുലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി.