പാക്കീസ്ഥാന്‍ സ്‌ഫോടനം: പിന്നല്‍ ഐസിസ്

കറാച്ചി: പാകിസ്ഥാനില്‍ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ (ജെ.യു.ഐ-എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്. ടെലിഗ്രാം ചാനലിലൂടെയാണ് ഐസിസ് തീവ്രവാദികളുടെ വെളിപ്പെടുത്തല്‍. സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് ആണെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ട് 4.10ന് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ബജൗര്‍ ജില്ലയിലെ ഖറിലായിരുന്നു സ്‌ഫോടനം. അതേ സമയം,സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നലെ 54 ആയി ഉയര്‍ന്നു. പരിക്കേറ്റ 200ഓളം പേരില്‍ 83 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ മൗലാന സിയാവുള്ളയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക ജനറല്‍ സെക്രട്ടറി, ജില്ലാ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരിച്ചറിഞ്ഞ 38 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്.

ഉച്ചയ്ക്ക് 2 മണിക്ക് സമ്മേളനം ആരംഭിച്ച് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സ്‌ഫോടനം. 500ഓളം പേര്‍ പങ്കെടുത്ത സമ്മേളനസ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നുഴഞ്ഞുകയറിയ ചാവേര്‍ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 10 കിലോഗ്രാം സ്‌ഫോടകവസ്തുക്കളായിരുന്നു ഇയാളില്‍ ഘടിപ്പിച്ചിരുന്നത്. സമ്മേളന സ്ഥലത്ത് പാര്‍ട്ടി അംഗങ്ങള്‍ക്കിടെയില്‍ മുന്‍നിരയിലെ സീറ്റിലായിരുന്നു ചാവേര്‍.

വേദിക്ക് സമീപത്ത് വച്ചാണ് ഇയാള്‍ പൊട്ടിത്തെറിച്ചതെന്നാണ് കണ്ടെത്തല്‍. സമ്മേളനത്തിനെത്തിയ വിശിഷ്ടവ്യക്തികളില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടായിരുന്നോ ആക്രമണം എന്ന് സംശയമുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യു.എസ്,റഷ്യ,സൗദി അറേബ്യ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.