എഐ പ്രൊസസര്‍ വികസിപ്പിച്ച് ഡിജിറ്റല്‍ സര്‍വകലാശാല

തിരുവനന്തപുരം: നിര്‍മിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളം സ്വന്തമായി എ.ഐ. പ്രൊസസര്‍ വികസിപ്പിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയാണ് ‘കൈരളി’ എന്ന പേരില്‍ രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകള്‍ നിര്‍മിച്ചത്. രാജ്യത്ത് ഒരു സര്‍വകലാശാലയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു നേട്ടം.

തദ്ദേശീയമായി വികസിപ്പിച്ചതാണ് കൈരളി പ്രൊസസര്‍. ഇന്ത്യയില്‍ ഇത് നിര്‍മിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നാണ് ഇത് ഉത്പന്നമാക്കി എത്തിച്ചത്. അടുത്ത മാസം ഈ പ്രൊസസര്‍ ഔദ്യോഗികമായി മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സാങ്കേതിക സര്‍വകലാശാലയിലെ അക്കാദമിക വിഭാഗം ഡീന്‍ ഡോ. അലക്‌സ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് തയ്യാറാക്കിയത്. ഏതാനും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍കൂടി കഴിഞ്ഞാല്‍ വ്യാവസായികമായിത്തന്നെ പ്രൊസസര്‍ പുറത്തിറക്കാനുള്ള നടപടിയിലേക്ക് നീങ്ങും.

കാര്‍ഷികം, വ്യോമയാനം, മൊബൈല്‍ സാങ്കേതികത, ആരോഗ്യം, ഡ്രോണുകള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ ഇത് ഉപയോഗപ്രദമാകും. ഡ്രോണുകളില്‍ ഉള്‍പ്പെടെ വിവിധ ആപ്ലിക്കേഷനുകളില്‍ ഇത് ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും വിവരച്ചോര്‍ച്ച തടയുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും പ്രൊസസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ ഊര്‍ജം ആവശ്യമുള്ള ആപ്ലിക്കേഷനുകളില്‍ സെന്‍സറുകള്‍ക്ക് ഒപ്പംതന്നെ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണിവ. സെന്‍സ് ചെയ്യുന്ന വിവരങ്ങളെ അവിടെത്തന്നെ സംസ്‌കരിക്കുന്നവെന്നതാണ് പ്രത്യേകത.