പതഞ്ജലി:ബാബ രാംദേവിന് സുപ്രീംകോടതിയുടെ സമന്‍സ്

ന്യുഡല്‍ഹി: പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസില്‍ യോഗാഗുരു ബാബ രാംദേവിന് സുപ്രീം കോടതിയുടെ സമന്‍സ്.വാക്‌സിനേഷന്‍ മരുന്നുകള്‍ക്കും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ രാംദേവ് മോശം പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ നോട്ടീസില്‍ പ്രതികരിക്കാതെ വന്നതോടെയാണ് ഹാജരാകണമെന്ന് കാണിച്ച്‌ സമന്‍സ് അയച്ചത്. ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് അസനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ബാബ രാം ദേവിനും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയത്.

പതഞ്ജലിയുടെ മരുന്നുകളെ കുറിച്ച്‌ നല്‍കിയിരിക്കുന്ന പരസ്യങ്ങളും ഉറപ്പുകളും പ്രഥമ ദൃഷ്ട്യ കളവാണെന്ന് കഴിഞ്ഞ മാസം കോടതി വിലയിരുത്തിയിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച്‌ ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി നല്‍കാതെ വന്നതോടെ കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഡ്രഗ്‌സ് ആന്റ് റെമഡീസ് ആക്ടിലെ സെക്ഷന്‍ 3, 4 എന്നിവയുടെ ലംഘനം നടന്നുവെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗി, രാം ദേവ് എങ്ങനെയാണ് ഈ ചിത്രത്തില്‍ വരുന്നതെന്ന് ആരാഞ്ഞു.

എന്നാല്‍ അടുത്ത സിറ്റിംഗില്‍ ഹാജരാകണമെന്ന നിലപാടില്‍ കോടതി ഉറച്ചുനിന്നു.മുന്‍പ് കോടതിയുടെ കൈകള്‍ കെട്ടപ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കോടതിയിലെ അഭിഭാഷകന്‍ എന്ന നിലയില്‍ റോത്ത്ഗി സ്വന്തം നില മനസ്സിലാക്കണമെന്നും ജസ്റ്റീസ് അമാനുള്ള ചൂണ്ടിക്കാട്ടി.