January 15, 2025 11:36 am

പൗരത്വ നിയമത്തിന് തല്‍ക്കാലം സ്റ്റേയില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ( സിഎഎ) സംബന്ധിച്ച 237 ഹര്‍ജികളിൽ മറുപടി നല്‍കാന്‍ ഏപ്രില്‍ 8 വരെ മൂന്നാഴ്ചത്തെ സമയം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കി.എന്നാൽ പൗരത്വ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു.

സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9 ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസിന്റെ ജയറാം രമേശും തൃണമൂലിന്റെ മഹുവ മൊയ്ത്രയും ആണ് പൗരത്വ നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

വിവേചനപരവും മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച്‌ സിഎഎ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതിന്റെ വെല്ലുവിളികള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ എതിര്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

നിയമം നടപ്പാക്കില്ല എന്ന് കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളം നിലപാടെടുത്തിട്ടുണ്ട്. അതേസമയം സിഎഎ ഭരണഘടനാവിരുദ്ധമല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൗരത്വം തേടാന്‍ സഹായിക്കുന്നതാണ് പ്രസ്തുത നിയമം.

ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ 2014 ഡിസംബര്‍ 31-നോ അതിനു മുമ്പോ രാജ്യത്ത് പ്രവേശിച്ചാവരാണെങ്കില്‍ പൗരത്വത്തിന് യോഗ്യരായിരിക്കും. പട്ടികയില്‍ നിന്ന മുസ്ലീങ്ങളെ ഒഴിവാക്കിയത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പാര്‍ലമെന്റ് നിയമം പാസാക്കി നാല് വര്‍ഷം കഴിഞ്ഞിട്ടും പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഇത് തിരഞ്ഞെടുപ്പ് ധ്രുവീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News