നേർക്കാഴ്ചകളും ഭാവനയും ചേർന്ന തങ്കമണി

ഡോ ജോസ് ജോസഫ്
പ്രേക്ഷക ശ്രദ്ധ നേടിയ ‘ഉടലി’നു ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു 1986 ഒക്ടോബറിൽ ഇടുക്കി ജില്ലയിലെ  തങ്കമണി ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ട്.
“പെണ്ണിൻ്റെ പേരല്ല തങ്കമണി, വെന്ത നാടിൻ്റെ പേരല്ലോ തങ്കമണി ” ഗാനവുമായെത്തുന്ന തങ്കമണിയുടെ പശ്ചാത്തലം ഏറെ രാഷ്ട്രീയ കോളിളക്കം നൃഷ്ടിച്ച തങ്കമണി സംഭവമാണ്.ജനപ്രിയ നായകൻ ദിലീപിൻ്റെ കഥാപാത്രം ആബേൽ ജോഷ്വ മാത്തൻ വ്യത്യസ്തമായ രണ്ടു ലുക്കുകളിലാണ് എത്തുന്നത്.
Thankamani movie review: Dileep film offers a subpar 'fictional' take on a real-life incident of police monstrosity | Movie-review News - The Indian Express
തങ്കമണി സംഭവത്തിൻ്റെ സമ്പൂർണ്ണമായ ഒരു പുനരാഖ്യാനമല്ല ഈ സിനിമ. പ്രണയവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പ്രതികാരവും കുറ്റാന്വേഷണവുമെല്ലാം കൂടിച്ചേർന്ന ഒരു റിവഞ്ച് ഡ്രാമയാണ് തങ്കമണി. 
  സാങ്കല്പിക കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന പ്രതികാര കഥയുടെ ഒരു ഭാഗം മാത്രമാണ് ചിത്രത്തിൽ തങ്കമണി സംഭവം. അവതരണത്തിൽ പുതുമയൊന്നുമില്ല. ഇപ്പോഴത്തെ ട്രെൻഡായ സീരിയൽ കില്ലിംഗിൽ തുടങ്ങി ഫ്ലാഷ് ബാക്കിൽ പശ്ചാത്തലത്തലമായി തങ്കമണി സംഭവം  പറഞ്ഞു പോവുകയാണ്.
പ്രതികാര കൊലപാതകങ്ങളും തങ്കമണി സംഭവവും തമ്മിൽ വേണ്ടത്ര കണക്ടാവുന്നില്ല.155 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. സൂപ്പർഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് തങ്കമണി നിർമ്മിച്ചിരിക്കുന്നത്.
Thankamani' Review: Dileep walks a tightrope between daring, melodrama | Onmanorama
   
കെ കരുണാകരൻ  മുഖ്യ മന്ത്രിയായിരിക്കുമ്പോൾ 1986 ഒക്ടോബർ 21-നാണ് കേരളം കണ്ട ഏറ്റവും വലിയ പോലീസ് അതിക്രമങ്ങളിലൊന്നായ തങ്കമണി സംഭവത്തിലേക്ക് നയിച്ച അക്രമങ്ങളുടെ തുടക്കം.കാമാക്ഷി  പഞ്ചായത്തിലെ പ്രധാന ഗ്രാമമാണ് ഇന്ന് ഒരു ചെറുപട്ടണമായി വികസിച്ച തങ്കമണി.
അക്കാലത്ത് കഞ്ചാവ് കൃഷിയിലും അതിൻ്റെ നിയമവിരുദ്ധ കച്ചവടത്തിലും കുപ്രസിദ്ധമായിരുന്നു ഈ പ്രദേശം.’ ഇലയുടെ കച്ചവടം’ നടക്കുന്ന ഈ സ്ഥലത്തേക്ക് പെൺകുട്ടികളെ കെട്ടിച്ചു വിടാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല എന്നതിൻ്റെ സൂചന തങ്കമണി സിനിമയിൽ ആവർത്തിക്കുന്നുമുണ്ട്.
  15 കിലോമീറ്ററോളം ദൂരെയുള്ള കട്ടപ്പനയാണ് തങ്കമണിയ്ക്ക് അടുത്തുള്ള പട്ടണം. കട്ടപ്പന – തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എലൈറ്റ് എന്ന ബസിലെ ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കമാണ് തങ്കമണി സംഭവത്തിലേക്ക് നയിച്ചത്.തങ്കമണി വരെയുള്ള ചാർജ് വാങ്ങുമെങ്കിലും  ബസ് പാറമട എന്ന സ്ഥലമെത്തുമ്പോൾ  യാത്രക്കാരെ ഇറക്കി വിടുമായിരുന്നു.
അവിടുന്ന് തങ്കമണി വരെയുള്ള റോഡ് മോശമായിരുന്നതാണ് കാരണം.ഇത് ചോദ്യം ചെയ്ത നാട്ടുകാരും ബസ് ജീവനക്കാരുമായി സംഘർഷമുണ്ടായി. ബസ് നാട്ടുകാർ ബലമായി പിടിച്ചെടുത്ത് തങ്കമണിക്കു കൊണ്ടു പോയി. മധ്യ തിരുവിതാംകൂറിൽ ആധിപത്യമുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടിയിൽ വൻ സ്വാധീനമുള്ളയാളായിരുന്നു ബസ് ഉടമ ദേവസ്യ. രാഷ്ട്രീയ പിന്തുണയുപയോഗിച്ച് നാട്ടുകാരെ നേരിടാൻ ദേവസ്യ  പോലീസിനെ കളത്തിലിറക്കി.
Thankamani Malayalam Movie(2024) :Release Date, Cast & Crew, Story, Ott, Review - EntertainmentGuru
   
സ്ഥലത്തെത്തിയ പോലീസിനു നേരെ കല്ലേറുണ്ടായി.തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. വെടിവെപ്പിനു ശേഷവും പോലീസിൻ്റെ നരനായാട്ടു തുടർന്നു. അർദ്ധരാത്രി ഇരച്ചെത്തിയ പോലീസ് സംഘം വീടുകളുടെ  വാതിലുകൾ ചവുട്ടി തുറന്ന് പുരുഷന്മാരെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.
സ്ത്രീകൾക്കൾക്കു നേരെ പീഡനശ്രമമുണ്ടായതായി പരാതിയുയർന്നു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയമായിരുന്നതിനാൽ പ്രതിപക്ഷത്തായിരുന്ന ഇടതു പക്ഷം സംഭവം ഊതിപ്പെരുപ്പിച്ചു.രാഷ്ട്രീയ മുതലെടുപ്പു നടത്തി.പ്രാദേശിക പത്രപ്രവർത്തകരാണ് അതിക്രൂരമായ പോലീസ് മർദ്ദനം പുറം ലോകത്തെയറിച്ചത് .
പിന്നീട് സൂര്യനെല്ലി പീഡനക്കേസിൽ കുടുങ്ങിയ ബസ് ഉടമ ദേവസ്യ ഒളിവിൽ പോയി.തങ്കമണിയിൽ 1986 ഒക്ടോബറിലെ രണ്ട് – മൂന്ന് ദിവസങ്ങളിലായി  നടന്ന സംഭവങ്ങൾ ഏറെക്കുറെ സത്യസന്ധമായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. 
  വിപ്ലവപ്പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ സഖാവ് വരദരാജൻ്റെ (കോട്ടയം രമേശ് ) നിഷ്ഠൂരമായ കൊലപാതകത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ഒരു കാലത്ത് ഹൈറേഞ്ചിലെ അറിയപ്പെടുന്ന തൊഴിലാളി നേതാവായിരുന്നു വരദരാജൻ .വരദരാജൻ വധത്തിൻ്റെ മാതൃകയിലുള്ള സീരിയൽ കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയിലേക്കാണ് പോലീസിൻ്റെ  അന്വേഷണം വിരൽ ചൂണ്ടിയത്.
അന്വേഷണ ഉദ്യോഗസ്ഥയായ കമ്മീഷണർ അർപ്പിത (പ്രണിതാ സുഭാഷ്)  ഒരു കൊലക്കേസിലെ അഞ്ചാം പ്രതിയും പടിഞ്ഞാറെ തങ്കമണി സ്വദേശിയുമായ ആബേൽ ജോഷ്വാ മാത്തനാണ് കൊലപാതകി എന്ന് കണ്ടെത്തുന്നു.പിന്നീട് ആബേലിൻ്റെയും പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ജോർജ്ജ് പെരുവന്താനത്തിൻ്റെയും
 (സിദ്ദിഖ് )വാക്കുകളിലൂടെ തങ്കമണി സംഭവത്തിൻ്റെ ചുരുളഴിയുന്നു.
   ഗൾഫിൽ ജോലിക്കാരനായിരുന്ന ആബേൽ അവധിയ്ക്ക് തങ്കമണിയിലേക്കെത്തുന്നത് ഹൈലൈറ്റ് ബസിലാണ്.വീട്ടിൽ അയാളെ ‘ഭാര്യ അനിതയും (നീത പിള്ള ) അമ്മയും (അംബിക മോഹൻ ) പെങ്ങൾ റാഹേലും ( മാളവിക മേനോൻ ) കാത്തിരിപ്പുണ്ട്.
സമാധാന പ്രിയനാണ് ആബേൽ. എന്നാൽ അവധി തീർന്ന് മടങ്ങുന്നതിന് തലേ രാത്രി തങ്കമണിയിൽ  നടന്ന ക്രൂരമായ സംഭവങ്ങൾ അയാളുടെ ജീവിതത്തെ വലിയ ദുരന്തത്തിലേക്ക് തള്ളിയിടുന്നു. ആബേൽ  ക്രൂരനും പ്രതികാര ദാഹിയുമായ കായേനായി  മാറുന്നു. സൗഹൃദവും പ്രണയവും കുടുംബ ബന്ധങ്ങളിലെ അതിവൈകാരികതയുമെല്ലാം കടന്നാണ് ചിത്രം തങ്കമണിയിൽ നടന്ന പോലീസ് അതിക്രമങ്ങളുടെ കാഴ്ച്ചകളിലേക്ക് എത്തുന്നത്.
   വ്യത്യസ്ത കാലഘട്ടങ്ങളിൽ രണ്ടു പ്രായത്തിലുള്ള രണ്ട് വ്യതസ്ത ലുക്കുകളിലാണ് ദിലീപിൻ്റെ ആബേൽ എത്തുന്നത്. പ്രണയാതുരനായ കാമുകനായും പ്രതികാരദാഹിയായ കൊലപാതകിയുമായുള്ള ദിലീപിൻ്റെ പ്രകടനം അതിഗംഭീരമെന്ന് പറയാനാവില്ല. നാട്ടിൻ പുറത്തുകാരിയായ അനിതയുടെ വേഷത്തിൽ എത്തിയ നിതാ പിള്ളയുടെ അഭിനയമാണ് ചിത്രത്തിൽ ഏറ്റവും  മികച്ചത്.
പല കഥാപാത്രങ്ങളുടെയും കാസ്റ്റിംഗിൽ പ്രശ്നങ്ങളുണ്ട്. അർപ്പിതയായെത്തിയ പ്രണിതാ സുഭാഷും ഹൈലൈറ്റ് ബസിൻ്റെ യഥാർത്ഥ ഉടമ മണി പീറ്ററായി വന്ന മനോജ് കെ ജയനും മിസ് കാസ്റ്റിംഗാണ്.പ്രധാന പോലീസ്  വില്ലന്മാരായെത്തിയ തമിഴ് നടന്മാർ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർ ഏശിയില്ല. കണ്ടു മടുത്ത സ്റ്റീരിയോടൈപ്പാണ് ഇരുവരുടെയും അഭിനയം.സുദേവ് നായർ, അസീസ് നെടുമങ്ങാട്, ജയിംസ് ഏലിയ, അജ്മൽ അമീർ, സന്തോഷ് കീഴാറ്റൂർ, മേജർ രവി, സ്മിനു സിജോ, രമ്യ പണിക്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
 സംവിധായകൻ രതീഷ് രഘുനന്ദനൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ പോര.തങ്കമണി സംഭവം നന്നായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മറ്റെല്ലാം ശരാശരിയാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണം മികച്ചതാണ്. പ്രത്യേക കളർടോണുകൾ ഉപയോഗിച്ച് 1980-കളിലെ മലയോര ഗ്രാമീണാന്തരീക്ഷം പുനഃസൃഷ്ടിക്കുന്നതിൽ മനോജ് വിജയിച്ചു.
ശ്യാം ശശിധരൻ്റെ എഡിറ്റിംഗും വില്യം ഫ്രാൻസിസിൻ്റെ സംഗീതവും നിലവാരമുള്ളതാണ്. ഭാവനയിലൂടെ വികസിപ്പിച്ചെടുത്ത ഒരു റിവഞ്ച് ഡ്രാമയും യഥാർത്ഥ ചരിത്ര സംഭവങ്ങളും കൂട്ടിക്കലർത്തി ഒരുക്കിയ തങ്കമണി അമിതാധികാര പ്രമത്തതയുടെ ഇരകൾക്കാണ് സമർപ്പിച്ചിരിക്കുന്നത്.
Thankamani trailer: an emotional Dileep, commotion aplenty, and a burning bus
——————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക