December 12, 2024 7:09 pm

മാസപ്പടി വിവാദം മുക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ നിയമസഭയിൽ ഉന്നയിക്കാതെ ഒളിച്ചോടി പ്രതിപക്ഷം.

വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ പോലും പ്രതിപക്ഷം തയാറായില്ല. എന്നാൽ സി. എം. ആർ എൽ ഉടമ ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്നാണ് ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. മുഖ്യമന്ത്രിയെയും സർക്കാറിനെയും നിയമസഭയിൽ മുൾമുനയിൽ നിർത്താമായിരുന്നു സുവർണ്ണാവസരം പക്ഷേ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചില്ല.

അഴിമതിയാരോപണങ്ങളുടെ പരമ്പരകൾ അടിയന്തിര പ്രമേയമായി എന്നുമുയർത്തി മുഖ്യമന്ത്രിയോട് പോരടിച്ച സതീശന്റെ ഇന്നത്തെ രോഷം മീഡിയാറൂമിൽ മാധ്യമങ്ങളോടായിരുന്നു.

പാർട്ടി പറഞ്ഞാണ് നേതാക്കൾ പണം വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ രേഖയിൽ പേരുള്ള രമേശ് ചെന്നിത്തല പ്രതികരിക്കാതെയൊഴിഞ്ഞു. നേതാക്കൾ പണം വാങ്ങിയതിന് കണക്കുണ്ടോ എന്ന ചോദ്യത്തിനും യുഡിഎഫിന് കൃത്യമായ മറുപടിയില്ല.

നേതാക്കൾ സംഭാവന വാങ്ങും പോലെയല്ല വീണക്കുള്ള മാസപ്പടിയെന്നാണ് യുഡിഎഫ് പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സഭാ സമ്മേളനത്തിൻറെ അവസാന ദിവസമായ ഇന്ന് മാസപ്പടി അടിയന്തിര പ്രമേയമാക്കുന്നതിൽ യുഡിഎഫിൽ ഇന്നലെ രാത്രിവരെ രൂക്ഷമായ ഭിന്നതയുണ്ടായി. മുതിർന്ന കോൺഗ്രസ് നേതാക്കളും ലീഗും തിരിച്ചടിക്കുമെന്ന നിർബന്ധം പിടിച്ചു. അതോടെയാണ് യു ഡി എഫ് ‘മാസപ്പെടി’ മുക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News