നവ കേരളത്തിന്റെ  നവോത്ഥാന ഗാനം

സതീഷ് കുമാർ വിശാഖപട്ടണം

വകേരളം ….

കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽൽ  അനവരതം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് നവകേരളം…

സത്യത്തിൽ എന്താണ് ഈ നവകേരളം ….?

ആരാണ്  നവകേരളത്തിന്റെ യഥാർത്ഥ ശില്പി….

നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്….

“ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് അരുളിച്ചെയ്ത യുഗപ്രഭാവനായ ഒരു മനുഷ്യൻ ….

ജാതിചിന്തയുടെയും അയിത്തത്തിന്റെയും അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കരാളഹസ്തങ്ങളിൽ പിടഞ്ഞു കൊണ്ടിരുന്ന കേരളത്തിന് ഒരു  പുതിയ  ദിശാബോധം നൽകി കൈപിടിച്ചുയർത്തിയത് മഹാത്മാവായ ശ്രീനാരായണ ഗുരുവാണ്….

Medium

നവോത്ഥാന കേരളത്തിന്റെ, നവകേരളത്തിന്റെ  യഥാർത്ഥ ശില്പി ശ്രീനാരായണഗുരുവാണെന്നു പറയുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല …അദ്ദേഹം രചിച്ച

“ജാതിഭേദം മതദ്വേഷം 

ഏതുമില്ലാതെ സർവ്വരും 

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്…”

എന്ന നാലുവരി കവിതയിൽ  നവകേരളത്തിന്റെ  എല്ലാ സ്വപ്ന സാഫല്യങ്ങളുമുണ്ട് …

ഗുരുദേവൻ  എഴുതിയ ഈ മനോഹരമായ കവിതയ്ക്ക് മറ്റൊരു ചരിത്ര പ്രാധാന്യം കൂടിയുള്ളത് പ്രിയ വായനക്കാർക്ക് അറിയാമല്ലോ ….

കേരളത്തിന്റെ  ഗാനഗന്ധർവനായ യേശുദാസ് തൻെറ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത് ശ്രീനാരായണഗുരു എഴുതിയ ഈ നാലുവരി കവിത ആദ്യമായി പാടി റെക്കാർഡ് ചെയ്തു കൊണ്ടായിരുന്നു …

 ഗുരുദേവന്റെ മഹത്തായ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ശിഷ്യനായ മഹാകവി കുമാരനാശാൻ സാമൂഹിക വിപ്ലവത്തിനും ജാതിചിന്തകൾക്കുമെതിരായി തന്റെ തൂലിക ചലിപ്പിച്ചത്..

“ചണ്ഡാലഭിക്ഷുകി ” എന്ന വിപ്ലവ കാവ്യത്തിലൂടെ ജാതിചിന്തയുടെ കോട്ടകൊത്തളങ്ങൾ  തട്ടി തകർക്കാൻ ആശയ ഗാംഭീര്യനായ കുമാരനാശാന് കഴിഞ്ഞു.

“മനുഷ്യമനസ്സിനെ മയക്കുന്ന കറുപ്പാണ് മതം ” എന്ന് കാറൽമാക്സ് പറഞ്ഞത് വെറുതെയായിരുന്നില്ല . ലോകത്ത് മതത്തിനു വേണ്ടിയായിരുന്നു എക്കാലത്തും ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകൾ നടന്നിട്ടുള്ളത്.സത്യത്തിൽ ഈ മതവും

ജാതിയുമെല്ലാം  മനുഷ്യൻ സൃഷ്ടിച്ചതല്ലേ ….മലയാളത്തിന് ആദ്യമായി ഗാനരചനക്ക് ദേശീയ പുരസ്ക്കാരം നേടിയ വയലാർ ആ ഗാനത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു…

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു….”

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു # Evergreen Song Malayalam # Hits Of Vayalar #  Old Malayalam Film Songs - YouTube

വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു..

എങ്കിലും ഈ ഗാനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല അനുദിനം വർദ്ധിച്ചുവരികയുമാണ് …

മതത്തെക്കുറിച്ച് , ജാതിയെക്കുറിച്ച് ഇത്രയും ഗാഢമായി ചിന്തിക്കാൻ പ്രചോദനം നൽകിയത് എം.ഡി രാജേന്ദ്രൻ എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്ന് യേശുദാസ് ആലപിച്ച മനോഹരമായ ഒരു ഗാനത്തിന്റെ അർത്ഥസമ്പുഷ്ടമായ വരികളിലൂടെ കടന്നുപോയപ്പോഴാണ്….

ശ്രീനാരായണഗുരുവും കുമാരനാശാനും വയലാർ രാമവർമ്മയും കൊളുത്തിവെച്ച ആ സർഗ്ഗദീപാവലി പ്രകാശപൂർണ്ണമാക്കുകയാണ്

എം ഡി ആർ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവി …..

  2011 ൽ സെൻസർ ചെയ്തെങ്കിലും ഇനിയും പുറത്തിറങ്ങാത്ത

“മൗനം ” എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു

“കുറിവരച്ചാലും 

കുരിശു വരച്ചാലും 

കുമ്പിട്ട് നിസ്കരിച്ചാലും

കാണുന്നതും ഒന്ന് 

കേൾക്കുന്നതും ഒന്ന് 

കരുണാമയനായ ദൈവമൊന്ന് ….”

എന്ന യേശുദാസിന്റെ സ്വരമാധുരിയിൽ അനശ്വരമായ  ഈ ഗാനം …നവോത്ഥാന കേരളത്തിന്റെ  കൊടിയടയാളം  എന്ന് വിശേഷിപ്പിക്കാവുന്ന ഈ  പാട്ട് എം ഡി ആർ  എഴുതുക മാത്രമല്ല ആദ്യമായി സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തു …

കുറിവരച്ചാലും | Kuri Varachalum | K J Yesudas | M D Rajendran | SAND ART |  Malayalam Film Song - YouTube

 

ശാലിനി എന്റെ കൂട്ടുകാരി ,

മംഗളം നേരുന്നു ,

ദേവരാഗം,മനസ്സിൽ ഒരു മഞ്ഞുതുള്ളി തുടങ്ങിയ ചിത്രങ്ങളിലെ കവിത തുളുമ്പുന്ന  ഗാനങ്ങളിലൂടെ കേരളീയ മനസ്സുകളിൽ ശിശിരകാല മേഘമിഥുനരതിപരാഗങ്ങൾ തീർത്ത  എം ഡി ആർ  സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും  നീണ്ട 30 വർഷങ്ങൾ തൃശൂർ ആകാശവാണിയിൽ സ്വരരാഗങ്ങളുമായുള്ള സല്ലാപങ്ങളിലൂടെ ആർജ്ജിച്ചെടുത്ത രാഗമാലികകളുടെ  ഋതുഭേദകല്പനകളിൽ നിന്നാണ്  ഏകലവ്യനെ പോലെ  തന്റെ ഉള്ളിൽ  ഉറങ്ങിക്കിടന്ന  സ്വരരാഗഗംഗ പ്രവാഹം ഇല്ലിമുളം തേനിന്റെ മാധുര്യത്തോടെ  ഈ ഗാനത്തിന് ചാർത്തി കൊടുത്തത്….

  “മൗനം ” എന്ന ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും സർവ്വമത സന്ദേശങ്ങളുടെ സമന്വയഭാവങ്ങൾ പാഞ്ചജന്യം മുഴക്കിയ ഈ ഗാനം സംഗീതകേരളം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു …

ചില നാടക ട്രൂപ്പുകൾ അവരുടെ അവതരണഗാനമായി ഇപ്പോൾ ആലപിക്കുന്നത്  ഈ ഗാനമാണ്…

ഗാനമേളകളിലും ചാനലുകളുടെ സംഗീത പരിപാടികളിലും മാത്രമല്ല കേരളത്തിലെ കലാലയങ്ങളിലെ ഒട്ടുമിക്ക  ആഘോഷപരിപാടികളിലും

“കുറി വരച്ചാലും 

കുരിശു വരച്ചാലും ….”

എന്ന പ്രിയപ്പെട്ട ഗാനം ഏറ്റവും കൂടുതൽ കയ്യടി നേടിയെടുക്കുന്നു ….

വീണ്ടും കേരള മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്ന മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഈ  ഇഷ്ടഗാനം അദ്ദേഹം പല സദസ്സുകളിലും ആലപിക്കുന്നത് ഈ ലേഖകൻ നേരിട്ട് കേട്ടിട്ടുണ്ട് ….

നവകേരളത്തിന്റെ കാവ്യസപര്യയുടെ ഹിമശൈല സൈകത ഭൂമിയിൽ  ഒരു പ്രവാഹമായി ഈ ഗാനം പതഞ്ഞൊഴുകിക്കൊണ്ടിരിക്കുമ്പോൾ അതിഗൂഢ സുസ്മിതമുള്ളിൽ ഒതുക്കി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് ഈ ഗാനത്തിന്റെ രചയിതാവും സംഗീതസംവിധായകനുമായ എം ഡി ആർ എന്ന കാവ്യപഥികൻ ….

——————————————————————————————————–

( സതീഷ് കുമാർ  :  9030758774)