February 18, 2025 4:27 am

കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു

ചെറുവത്തൂർ (കാസർകോട്) ∙ കരുവന്നൂർ ബാങ്കിൽ നടന്നത് സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അണ്ടർ വാല്യുവേഷൻ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്നം. ഇത്തരത്തിൽ നൽകിയ വായ്പയിൽ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ല.

ഈ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകർക്ക് നൽകി. 100 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സർക്കാർ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത്. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതാണ് പ്രശ്നം വഷളാക്കിയത്.

ബാങ്കിൽനിന്ന് കള്ളവായ്പയെടുത്ത ഒരുത്തന്റെ വാക്ക് കേട്ടാണ് എ.സി.മൊയ്തീനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം വായ്പ നൽകാൻ ശുപാർശ ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ അദ്ദേഹം ശുപാർശ ചെയ്തിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News