ഇന്നും നാളെയും ആശ്വാസമായി മഴ പെയ്യും

തിരുവനന്തപുരം: പൊള്ളുന്ന വേനല്‍ ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം
ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയർന്ന താപനില ഉള്ളതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, കാസറഗോഡ്, തൃശ്ശൂർ എന്നി ജില്ലകളില്‍ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയും അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,നിർജലീകരണം എന്നിങ്ങനെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ അധിക സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം മാത്രം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.