സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക് ?

കൊച്ചി : ജനാഭിമുഖ കുർബാന വിവാദം സീറോ – മലബാർ സഭയെ പിളർപ്പിലേയ്ക്ക് തള്ളിവിടുന്നു. സഭ പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കടുത്ത നടപടിക്കൊരുങ്ങുകയാണ് വത്തിക്കാൻ.

തങ്ങളെ സീറോ – മലബാർ സഭയിൽ നിന്ന് ഒഴിവാക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമിതി യോഗം അഭ്യർഥിച്ചു.   അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിൻ്റെ  സാന്നിധ്യത്തിലായിരുന്നു യോഗം ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.

എറണാകുളം – അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കാൻ കഴിയാത്തവർക്കെതിരെ കാനോൻ നീയമപ്രകാരം കോടതികൾ ആരംഭിച്ച് ശിക്ഷാ നടപടികൾ നടപ്പാക്കാൻ വത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻ്റെ തലവൻ കർദ്ദിനാൾ ക്ലൗദിയോ ഗുജോ റോത്തി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിന് കത്ത് നൽകി.

അതിരൂപത പൊന്തിഫിക്കൽ ഡലഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിലിൻ്റെ നിർദ്ദേശപ്രകാരം ബിഷപ്പ് ബോസ്കോ പുത്തൂർ വിളിച്ച് ചേർത്ത വൈദിക സമിതി യോഗം പരാജയപ്പെടുകയായിരുന്നു. 400 വൈദികർക്കെതിരെ നടപടി എടുക്കാൻ വൈദിക സമിതി, വത്തിക്കാനെ വെല്ലുവിളിച്ചു. ഇതോടെ വൈദിക സമിതി യോഗം ബിഷപ്പ് ബോസ്കോ പുത്തൂർ തീരുമാനമെടുക്കാതെ പിരിച്ചു വിട്ടു.

ഈ മാസം അവസാനത്തോടെ സീറോ- മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും സഭയുടെ  സിനഡ് അംഗങ്ങളും മാർപാപ്പയെ സന്ദർശിക്കുന്നുണ്ട്. ആ സന്ദർശനത്തിൽ നിലവിലെ സാഹചര്യം മാർപാപ്പായെ അറിയിക്കും.

പുതിയ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിലിൻ്റെ ആവശ്യപ്രകാരമായിരുന്നു മാർപാപ്പ അന്ത്യശാസനം നൽകിയിട്ടും, 3 മാസത്തേക്കു കൂടി ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ സമ്മതം മൂളിയത്. ആ കാലാവധി ഈ മാസം അവസാനിക്കും.

ഈ വിഷയത്തിൽ സീറോ- മലബാർ സഭക്ക് പ്രതീക്ഷ നൽകുന്ന നടപടിയാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്നത്. ബെനഡിക്റ്റ് പതിനാറാമൻ നിർത്തലാക്കിയ പാശ്ചാത്യ പാത്രിയർക്കീസ് എന്ന റോമൻ മാർപാപ്പയുടെ സ്ഥാനം ഫ്രാൻസീസ് മാർപാപ്പ പുന:സ്ഥാപിച്ചു. ഇതോടെ പുതിയ പാത്രിയർക്കീസ് പദവികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജിവമായി ട്ടുണ്ട്.

മേജർ ആര്‍ച്ചുബിഷപ്പും സംഘവും വത്തിക്കാനിൽ പോകുമ്പോൾ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പാക്കാനുള്ള ഒരു കര്‍മപദ്ധതി അവിടെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വൈദികയോഗം വിളിച്ചുകൂട്ടിയത്.

പക്ഷേ മാര്‍ ബോസ്കോ പുത്തൂര്‍ സമ്മേളനത്തിന്‍റെ ആരംഭത്തിലെ തന്നെ മേജര്‍ ആര്‍ച്ചുബിഷപ്പ് നല്കിയ കത്തിലെ ഏകീകൃത കുര്‍ബാന ചൊല്ലാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്കെതിരെ മതകോടതി സ്ഥാപിച്ച് ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന വാചകം വായിച്ചതോടെ വൈദികര്‍ ഒന്നടങ്കം എതിർത്തു. എന്നാല്‍ എത്രയും വേഗം 450 വൈദികര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതായിരിക്കും ചര്‍ച്ചകള്‍ നടത്തുന്നതിലും ഭേദം എന്ന് അവർ അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് 300 ഓളം വൈദീകർ പങ്കെടുത്ത വൈദിക യോഗം ഏകകണ്ഠേന ബോസ്കോ പുത്തൂര്‍ മെത്രാനെ അറിയിച്ചു. ഈ കാര്യം റോമിനെ അറിയിക്കുകയാണ് ബോസ്കോ മെത്രാന്‍, അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെന്ന നിലയില്‍ ചെയ്യേണ്ടതെന്ന് വൈദികര്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തി.