December 13, 2024 11:46 am

അയോധ്യയിൽ ഭണ്ഡാരവരവ് പതിനൊന്ന് കോടി

അയോധ്യ: ശ്രീ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോൾ ലഭിച്ച സംഭാവന വരവിന്‍റെ കണക്ക് പ്രസിദ്ധീകരിച്ചു.

പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു.ഭണ്ഡാരത്തിൽ ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയാണ്.

ക്ഷേത്രത്തിലെ സന്ദർശന സമയം കഴിഞ്ഞ ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ദിവസവും ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുക. സി സി ടി വി നിരീക്ഷണത്തിലാണ് എല്ലാ പ്രവർത്തനങ്ങളെന്നും ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി.

ഭക്തര്‍ക്ക് സംഭാവന നിക്ഷേപിക്കാനായി നാല് ഭണ്ഡാരങ്ങളാണ് അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ നാല് ഭണ്ഡാരങ്ങൾക്ക് പുറമേ ഡിജിറ്റല്‍ സംഭാവനകള്‍ സ്വീകരിക്കാനായി പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ 25 ലക്ഷത്തിലേറെ ഭക്തര്‍ ഇതിനകം സന്ദര്‍ശനം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി .ദിനം പ്രതി രണ്ട് ലക്ഷത്തിലേറെ ഭക്തർ എത്താറുണ്ട്. അവധി ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കും. ഉത്തരേന്ത്യയിൽ തണുപ്പു കുറയുന്നതോടെ ഭക്തരുടെ എണ്ണം വ‍ർധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News