മുന്‍ എംഎല്‍എ രാജേന്ദ്രന്‍ സി പി എം വിട്ട് ബിജെപിയിലേക്ക്

തൊടുപുഴ : സി പി എം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന.

ബി ജെ പി യുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ അദ്ദേഹം ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടു.
സി പി എമ്മുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു രാജേന്ദ്രൻ.

 

പ്രകാശ് ജാവഡേക്കറും എസ്. രാജേന്ദ്രനും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം. (Videograb)

നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജേന്ദ്രൻ, എല്‍ഡിഎഫ് സ്ഥാനാർഥി
ജോയ്‌സ് ജോര്‍ജിന്റെ കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ വന്നത്. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല.

പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.

ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു.

എന്നാൽ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.