March 17, 2025 3:20 am

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലികെട്ട് തുടങ്ങി

ന്യൂഡൽഹി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 10 കിലോമീറ്റര്‍ വേലി കെട്ടിക്കഴിഞ്ഞു.അതിര്‍ത്തിയിലെ1,643 കിലോമീറ്റര്‍ മുഴുവന്‍ സുരക്ഷാവേലി കെട്ടാനാണ് നീക്കം.ഇതോടെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് 16 കിലോമീറ്റര്‍ പരസ്പരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും.

‘അഭേദ്യമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മുഴുവന്‍ വേലി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മികച്ച നിരീക്ഷണം സുഗമമാക്കുന്നതിന് അതിര്‍ത്തിയില്‍ പട്രോളിംഗ് ട്രാക്കും ഒരുക്കും. മണിപ്പൂരിലെ മോറെയില്‍ 10 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി വേലി കെട്ടിക്കഴിഞ്ഞു,’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.

കൂടാതെ, ഹൈബ്രിഡ് സര്‍വൈലന്‍സ് സിസ്റ്റം (എച്ച്എസ്എസ്) വഴി വേലികെട്ടി സുരക്ഷയുറപ്പാക്കുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ നടപ്പാക്കിവരികയാണ്. അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും 1 കിലോമീറ്റര്‍ വീതം വേലി കെട്ടും. കൂടാതെ മണിപ്പൂരില്‍ ഏകദേശം 20 കിലോമീറ്ററോളം വരുന്ന നിര്‍മാണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമായി 2018-ല്‍ അവതരിപ്പിച്ച എഫ്എംആര്‍ എന്ന സ്വതന്ത്ര ഇടനാഴി, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അമിത് ഷാ വ്യക്തമാക്കി. മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംജി) കരാറും സർക്കാർ പുനഃപരിശോധിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News