ഏററുമുട്ടൽ കൊല: റിപ്പോർട്ട് തേടി സുപ്രിംകോടതി

 

ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലെ നിയമ പരിപാലന  സംവിധാനത്തിലും സുപ്രിംകോടതിക്ക് ആശങ്ക.

യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർ​ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഏതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

ഗുണ്ട നേതാവ് ആതിഖ് അഹമ്മദ് ഉൾപ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വർഷത്തിനിടെ ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതങ്ങളിൽ കൊല്ലപ്പെട്ടത്.