എറണാകുളത്ത് ഷൈന്‍, പൊന്നാനിയില്‍ ഹംസ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈനും പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസയും സി പി എം  സ്ഥാനാർഥികളാവും എന്ന് സൂചന.

സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു മന്ത്രി ഉള്‍പ്പെടെ നാലു കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളായേക്കും.

പിബി അംഗമായ എ വിജയരാഘവന്‍ പാലക്കാട് മത്സരിക്കും. എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈന്‍ മത്സരിക്കും. കെഎസ്ടിഎ നേതാവാണ് ഷൈന്‍. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ പൊതു സ്വതന്ത്രനായി മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സ്ഥാനാര്‍ത്ഥിയാകും.

കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരിലും മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക്ക് പത്തനംതിട്ടയിലും കെ കെ ശൈലജ വടകരയിലും എളമരം കരീം കോഴിക്കോട്ടും സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മത്സരിക്കും.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും കൊല്ലത്ത് എം മുകേഷ് എംഎല്‍എയും ആറ്റിങ്ങലില്‍ വി ജോയ് എംഎല്‍എയും സ്ഥാനാര്‍ത്ഥികളാകും. കാസര്‍കോട് എം.ബി ബാലകൃഷ്ണനും കണ്ണൂരില്‍ എം.വി ജയരാജനും ആലപ്പുഴയില്‍ നിലവിലെ എംപി എ.എം ആരിഫും മത്സരിക്കും.

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായ സ്ഥാനാർത്ഥി പട്ടിക:

കാസർകോട് – എം വി ബാലകൃഷ്ണൻ

വടകര – കെ കെ ശൈലജ

കണ്ണൂർ – എം വി ജയരാജൻ

കോഴിക്കോട് – എളമരം കരീം

മലപ്പുറം – വി വസീഫ്

പൊന്നാനി – കെ എസ് ഹംസ

ആലത്തൂർ – കെ രാധാകൃഷ്ണൻ

പാലക്കാട് – എ വിജയരാഘവൻ

ചാലക്കുടി – പ്രൊഫ സി രവീന്ദ്രനാഥ്

ഇടുക്കി – ജോയ്സ് ജോർജ്

എറണാകുളം – കെ ജെ ഷൈൻ

ആലപ്പുഴ – എഎം ആരിഫ്

കൊല്ലം – എം മുകേഷ്

ആറ്റിങ്ങല്‍ – വി ജോയ്