ജയിലറകളില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ തടവുകാര്‍

പി.രാജന്‍

 

പുടിന്‍റെ റഷ്യയില്‍ രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ ഉന്നത രൂപം സോഷ്യലിസമാണെന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മൂഢ വിശ്വാസം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതേ സമയം ജനകീയ ജനാധിപത്യത്തിനും അല്ലങ്കില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനും ബദലായി അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സോഷ്യല്‍ ഡമോക്രാറ്റുകളെ അവര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു.

അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളേയും വിമര്‍ശകരേയും ഇല്ലാതാക്കുക എന്ന നയമാണ് പുടിന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എതിരാളികളെ ഉന്മൂലനം  ചെയ്യുന്ന പഴയ യൂറോപ്പിലെ ക്രിസ്ത്യന്‍ സംസ്ക്കാരമാണ് പുതിനെപ്പോലുള്ള സ്വേച്ഛാധിപതികൾ പിന്തുടരുന്നത്.

ഇന്‍ഡ്യയിലെ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ഹൈന്ദവ സംസ്ക്കാരത്തെക്കുറിച്ചും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ചിന്താ സ്വാതന്ത്ര്യത്തെക്കുറിച്ചും എനിക്ക് സംശയമൊന്നുമില്ല. പ്രവാചക മതങ്ങളിലെ വിശ്വാസവും സ്വേച്ഛാധിപത്യവും  തമ്മിലുള്ള ബന്ധം കൂടുതല്‍ ഗഹനമായ ഗവേഷണങ്ങളും പഠനങ്ങളും അര്‍ഹിക്കുന്നു.

സ്വര്‍ഗ്ഗപ്രാപ്തിക്കായി ഒരു പ്രവാചകനിലോ അവന്‍റെ സൂക്തങ്ങളിലോ വിശ്വസിക്കുന്ന ഏതൊരാളും സമാനമായ വിശ്വാസമില്ലാത്ത അപരനെ കൊല്ലാന്‍ പോലും മടിക്കില്ലന്ന് വോള്‍ട്ടയര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  ജനാധിപത്യ തത്വങ്ങളായ വിയോജിപ്പിനുള്ള അവകാശങ്ങളേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തേയും വളരാന്‍ ഇത്തരം വിശ്വാസങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും.

ജാതി വിവേചനമില്ലാത്ത ഹൈന്ദവ സംസ്ക്കാരമാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകം. ഹിന്ദും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചരിത്രപരമായ ജാതിയുടെ അധികാരശ്രേണി അനുവര്‍ത്തിച്ചു വരുന്നുവെന്നതും സത്യമാണ്. അപലപനീയമായ ജാത്യാചാരത്തിന്‍റെ പേരില്‍ ബ്രാഹ്മണരെ പഴിചാരി യൂറോപ്പിലും മറ്റും നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥ സൗകര്യപൂര്‍വ്വം മറച്ച് വക്കപ്പെടുകയാണ്. അത്തരം പ്രവണതകള്‍ ജാതി വിവേചനം ഇല്ലാതാക്കാന്‍ ഒട്ടും സഹായകരമല്ല.

ബുദ്ധന്‍റെ നാടായ ബീഹാറിലും ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ ദ്രാവിഡ നാട്ടിലുമാണ് ഏറ്റവും അധികം ദളിതര്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് ജനസംഘത്തിന്‍റെ നേതാവായിരുന്ന പരമേശ്വര്‍ജി എന്നോടൊരിക്കല്‍ പറയുകയുണ്ടായി. ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക്ക് സ്ഥാപിക്കാന്‍ ഭാരതത്തിന് അതിന്‍റേതായ വഴി കണ്ടെത്തേണ്ടി വരും.

കര്‍ഷകരോടൊപ്പം കര്‍ഷകത്തൊഴിലാളികളും ഇന്ന് തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തിറങ്ങിയിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. കര്‍ഷകത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും അവരുടെ അന്തസ്സ് ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് ഇന്‍ഡ്യയില്‍ ഭൂപരിഷ്ക്കരണ നടപടികള്‍ ആരംഭിക്കേണ്ടതെന്ന് തുടക്കം മുതല്‍ വാദിക്കുന്നവനാണ് ഞാന്‍. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായുള്ള നീതി ഭാരത റിപ്പബ്ളിക്കില്‍ നടപ്പാകണമെങ്കില്‍ സാംസ്ക്കാരിക ദേശീയത ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.

—————————–———————————–
 

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

————————————————