March 24, 2025 6:13 am

തിരുതയ്ക്ക് മുളക് തേക്കുന്ന മഹാകവി

ക്ഷത്രിയൻ.

സൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗത്തിന് മലയാളത്തോളം പഴക്കമുണ്ട്. ബോബനും മോളിയും പാച്ചുവും കോവാലനുമെന്നതൊക്കെപ്പോലെയുള്ള ഒരുമയാണ് കഷണ്ടിയും അസൂയയും തമ്മിൽ .

ഹെയർഫിക്സിങ്ങ് സാർവത്രികമായതോടെ കഷണ്ടിക്കൊരു പ്രതിവിധിയായി എന്ന ധ്വനി പരന്നിട്ടുണ്ട്. മുടി കിളിർക്കുമെന്ന അവകാശവാദവുമായി ചില വൈദ്യന്മാരുടെ രംഗപ്രവേശനവും കഷണ്ടി മറക്കാനുള്ള വകയായി കരുതുന്നവരുണ്ട്.

മാണി സി കാപ്പൻ്റെ തലയിലും പന്ന്യൻ രവീന്ദ്രൻ്റെ തലയിലേത് പോലെ മുടി കിളിർക്കുമെന്ന വിശ്വാസക്കാരും ഇല്ലാതില്ല. കഷണ്ടി അങ്ങനെ കളം മാറിയെങ്കിലും അസൂയ തദ്സ്ഥിതി തുടരുന്നുവെന്നാണ് ഇന്നലെ ആലപ്പുഴയിൽനിന്നും ആറന്മുളയിൽനിന്നുമുള്ള വെളിപാടുകൾ തെളിയിക്കുന്നത്.

കോപാവസ്ഥയിൽ ഇംഗ്ലീഷ് മാത്രം പറയുന്ന ചിലരുണ്ട്. ജി.സുധാകരൻ്റെ കാര്യത്തിലാണെങ്കിൽ ദേഷ്യം വന്നാൽ കവിത വരുമെന്നതാണ് സ്വഭാവം. ദേഷ്യത്തിൻറെ തോതനുസരിച്ച് കവിതയുടെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കുമെന്ന് മാത്രം. ചെറുകവിതയാണെങ്കിൽ ആശാൻ കവിയുടെ വിതാനത്തിലാണെന്നും കവിതയുടെ നീളം കൂടിയാൽ മഹാകവിയുടെ തലത്തിലാണെന്നും വായനക്കാർ മനസിലാക്കിക്കൊള്ളണം.

കെ.വി.തോമസിന് കവിത മനസിലാകില്ലെന്ന സംശയത്താലാകണം ഇത്തവണ ജി.സുധാകരൻ പ്രസ്താവനയിലാണ് അഭയം തേടിയത്.കെ.വി.തോമസ് പ്രതിമാസം 30 ലക്ഷം രൂപ പെൻഷൻ വാങ്ങുന്നത് സുധാകരന് ദഹിക്കുന്നേയില്ല. തോമസിൻറെ 30 ലക്ഷത്തിലും തൻറെ മുപ്പതിനായിരത്തിലും പൂജ്യവും തമ്മിലുള്ള  അന്തരമാണ് സുധാകരൻ്റെ ഉറക്കം കെടുത്തുന്നത്.

 

തോമസ് വാങ്ങുന്ന 30 ലക്ഷത്തിന് സുധാകരൻ ഖിന്നൻ ആയതിലും ന്യായമുണ്ട്. ഡൽഹിയിലെ സേവനത്തിന് മാഷ് ശമ്പളം വാങ്ങിയിരുന്നെങ്കിൽ ആദായനികുതി കൊടുക്കേണ്ടിവന്നേനെ. ഫെഡറൽ സംവിധാനമനുസരിച്ച് അതിൽനിന്ന് ലഭിക്കുന്ന സംസ്ഥാന വിഹിതം സുധാകരന് ലഭിക്കുന്ന പെൻഷൻ തുകയുടെയും ഭാഗമാകുമായിരുന്നു.

അതൊക്കെ ഇല്ലാതായാതാണ് സുധാകരനെ വിമ്മിഷ്ടനാക്കിയതെന്ന് കരുതാം.തനിക്ക് കിട്ടുന്നതിൽനിന്ന് മറ്റാർക്കുമില്ലെന്ന ബുദ്ധിയാണ് ശമ്പളത്തിന് പകരം ഓണറേറിയം സ്വീകരിക്കാൻ തോമസിന് പ്രേരിപ്പിച്ചതെന്നും വ്യക്തം. കോൺഗ്രസിൽ നിന്ന് ചാടിയ തോമസിനെ പാർട്ടിക്കൊപ്പം നിർത്തിയതിലെ അസ്ക്യതയും കവിയുടെ പരിഭവത്തിലുണ്ട്.

കവി പ്രകൃതിസ്നേഹിയായിരിക്കണം. തോമസ് മാഷ് കോൺഗ്രസിലായിരുന്നപ്പോൾ തോമസിനേക്കാൾ കൂടുതൽ തവണ ഡൽഹിക്ക് പറന്നത് കുമ്പളങ്ങിയിലെ തിരുതയാണെന്ന് പണ്ടേയൊരു ചൊല്ലുണ്ട്. തിരുതയ്ക്ക് സംഭവിക്കാമായിരുന്ന വംശനാശമാണ് മാഷിൻറെ പാർട്ടിമാറ്റം വഴി ഇല്ലാതായത്.

കുമ്പളങ്ങിക്കായലിലിപ്പോൾ തിരുതകളുടെ തിത്തോതിരുതൈ ഉത്സവമാണെന്നാണ് കേൾവി. പ്രകൃതിവിഭവ സംരക്ഷണത്തിനായി അത്രയും ഉദാത്തമായ ത്യാഗം ചെയ്തയാളെ പ്രകീർത്തിക്കുന്നതിന് പകരം പെൻഷനായി വാങ്ങുന്ന ലക്ഷത്തിൽപ്പിടിച്ച് അവഹേളിച്ചത് കവിഹൃദയത്തിന് ചേർന്നതായില്ല.

തിരുതകളെ വെറുതെ വിട്ട തോമസ് മാഷ് പഴയ പാർട്ടിയോടും അൽപം കനിവ് കാണിക്കണം. കോൺഗ്രസ് കാലത്തെ എംഎൽഎ, എംപി സ്ഥാനങ്ങൾ കാരണം ലഭിക്കുന്ന പെൻഷൻ കെപിസിസിക്ക് നൽകാൻ സന്മനസുണ്ടാകണം. ഇന്ദിരാഭവനിലെ വൈദ്യുതി ചാർജ് അടക്കാനെങ്കിലും അത് ഉപകരിക്കും. സുധാകരനെപ്പോലുള്ളവരുടെ വിമർശനവും അതോടെ ഇല്ലാതാകും.

ആറന്മുളയിലെ പത്മകുമാറിൻറെ പ്രതികരണത്തിൽ ആരോഗ്യമന്ത്രിയോടുള്ള അസൂയയാണ് പ്രകടം. എട്ടുവർഷത്തെ പാർലമെൻററി പ്രവർത്തനം മാത്രം കൈവശമുള്ള വനിതാ മന്ത്രിയെ പാർട്ടിയുടെ സംസ്ഥാന കമ്മിയിലെടുക്കുകയും 52 വർഷത്തെ പാർട്ടി പ്രവർത്തന ചരിത്രമുള്ള തന്നെ തഴയുകയും ചെയ്തതിലെ പ്രയാസമാണ് ഫെയ്സ് ബുക്ക് പോസ്റ്റായി പുറത്തുവന്നത്.

ഒരു തവണ എംഎൽഎയും പിന്നീട് ദേവസ്വം പ്രസിഡൻറുമൊക്കെയായ പത്മകുമാറിന് വേണ്ടത്ര വകതിരിവില്ലാതെ പോയത് പാർട്ടിയുടെ കുറ്റമല്ല. അരനൂറ്റാണ്ട് സേവിക്കുമ്പോഴും ഒപ്പം നിർത്താൻ ഒരു ‘കൂട്ടരെ’ ഉണ്ടാക്കിയില്ല എന്നത് പത്മകുമാറിൻറെ പിഴവ്. മറുപക്ഷത്ത് ഒപ്പം നിൽക്കാൻ ഒരു സഭയും, സഭയുടെ അധികാരികളുമൊക്കെയുണ്ടെന്നത് കാണാതിരിക്കാൻ പറ്റുമോ പാർട്ടിക്ക്. പൊതുമേഖലയിലേക്ക് സ്വകാര്യ നിക്ഷേപത്തിന് വഴി തുറക്കാനിരിക്കെ, മാനവപ്പാർട്ടിയിൽ മതനിക്ഷേപം കൊതിക്കുന്നതിലെ യുക്തിയാണ് പത്മാ യുക്തി… ലാൽ സലാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News