എ ഡി ബി യുടെ ‘ഏജൻ്റ് ‘ ക്യാബിനററ് റാങ്ക് കൈപ്പറ്റുമ്പോള്‍

ക്ഷത്രിയൻ

ന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന് ആയിരം വട്ടം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. നാടൻ ഭാഷയിൽ പറഞ്ഞാൽ കെട്ടുതാലി വിറ്റ് മദ്യപിക്കുന്ന മുഴുകുടിയന്റെ അവസ്ഥ.

പുര കത്തുമ്പോൾ വാഴ വെട്ടുകയെന്ന് കേട്ടിട്ടില്ലേ ? കഴിഞ്ഞ ദിവസം അത് കണ്ടു. ഖജനാവിൽ പണം എന്തെങ്കിലും തരണേ എന്ന് കേന്ദ്രത്തോട് യാചിക്കാനും അതല്ല, അവരെ കണക്ക് പറഞ്ഞ് ഉത്തരം മുട്ടിച്ച് പിടിച്ച പിടിയാൽ ചെക്കും വാങ്ങാൻ ധനമന്ത്രി ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ഡൽഹിക്ക് പോയി.

കണക്ക് പറഞ്ഞ് പറഞ്ഞ് കേന്ദ്രത്തിന്റെ പഴിയും കേട്ട് വെറും കൈയോടെ പോകുന്നു. ആ പോക്കിൽ ഒരാൾക്ക് ലോട്ടറിയടിച്ചു. സാക്ഷാൽ ബംബർ.

നയാ പൈസ കിട്ടിയില്ലെങ്കിൽ എന്താ ഡോ. കെ.എം.എബ്രഹാമിന് ക്യാബിനറ്റ് റാങ്ക് കിട്ടി. ഇനി ചർച്ചക്ക് ബാലഗോപാൽ മെനക്കെടണമെന്നില്ല. എബ്രഹാമിനും ആരുടെ മുന്നിലും കസേര വലിച്ചിട്ടിരുന്ന് ചർച്ച ചെയ്യാനുള്ള പിടിയായി.

രാഷ്ട്രീയക്കാർ പരസ്പരം ചോദിക്കുന്നതാണ് ഉളുപ്പു് ഉണ്ടോ, ഉളുപ്പ് എന്ന് ! സർക്കാർ ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിക്കാൻ പാടില്ല. എന്നാലും ചോദിക്കുവാ ഇത്രക്ക് വേണമായിരുന്നോ ?

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, സമാന്തര സർക്കാർ എന്ന് പറയാവുന്ന കിഫ് ബിയുടെ സി ഇ ഒ എന്നീ പദവികളിൽ വിരാജിക്കുന്ന എബ്രഹാം ഇനി സാങ്കേതികമായി മന്ത്രിയാണ്. സ്റ്റാഫ്, ശമ്പളം, വീട്, ടി.എ, ചികിൽസ എന്നിവയിലൂടെ ഒരു കോടിയിലേറെ ചിലവിടേണ്ടി വരും.

പണ്ടേ ദുർബല പിന്നെ ഗർഭിണിയും എന്ന നിലയിലാണ് നമ്മുടെ ഖജനാവിന്റെ നില.എന്തായാലും  എബ്രഹാം ഇതു ചെയ്യുമെന്ന് കരുതിയില്ല.

ഭരണ ചിലവ് കുറയ്ക്കണമെന്നും സർക്കാർ ജീവനക്കാരുടെ ആനുകൂല്യം നീട്ടിവെയ്ക്കണമെന്നും മന്ത്രിമാർ വിമാനത്തിൽ സാധാരണ ക്ലാസിൽ യാത്ര ചെയ്യണമെന്നും മുണ്ടു മുറുക്കി ഉടുക്കണമെന്നും 2001ൽ എ.കെ.ആൻറണി സർക്കാരിനെ ഉപദേശിച്ച ധനകാര്യ വിദഗ്ധരിൽ ഒരാളായിരുന്നു എബ്രാഹാം. അന്നത്തെക്കാൾ ശോഷിച്ച ഖജനാവിന് തന്റെ വക ഒരു കാബിനറ്റ് പ്രഹരം വേണമായിരുന്നോ ?

സി.പി.എമ്മിനോടും പിണറായി വിജയനോടുള്ള പ്രതികാരത്തിന്റെ പുഞ്ചിരി എബ്രാഹാമിന്റെ ചുണ്ടിൽ തെളിഞ്ഞു കാണുന്നു. എ.ഡി.ബി.യുടെ ഏജൻ്റ് എന്നും പിൻതിരിപ്പൻ എന്നും സി.പി.എം പണ്ട് വിളിച്ച മുദ്രാവാക്യം അവർ മറന്നാലും എബ്രഹാം മറന്നു കാണില്ല.