വെറ്ററിനറിയിലെ മൃഗീയതയും പാർട്ടിക്കാരുടെ വായ്താരിയും

ക്ഷത്രിയൻ

 

മൃഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് വെറ്ററനറി കോളജ് എന്നൊക്കെയാണ് മലയാളികൾ മനസിലാക്കി വച്ചിട്ടുള്ളത്. വിഷയം ‘മൃഗീയം’ ആണെങ്കിലും പഠിക്കുന്നവർ മനുഷ്യർ തന്നെയാണെന്നും മനസിലാക്കിയവയിൽ ഉൾപ്പെടും.

എന്നാൽ വയനാട്ടിലെയൊരു വെറ്ററിനറി കോളജിൽ പഠിക്കുന്നവരിൽ മനുഷ്യരല്ലാത്തവരും ഉണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. ക്യാംപസിനകത്തെ സമർഥനായ ഒരു വിദ്യാർഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകളിലെ ഒരു വാചകം കൊലപാതകം ‘മൃഗീയം’ആയിരുന്നുവെന്നാണ്. വാർത്തയിലെ ‘മൃഗീയത’ കൊലയാളികളുമായി ചേർത്തുവച്ചാൽ ക്രൂരതയുടെ ആകെപ്പൊരുൾ ആയി.

കൊല്ലപ്പെട്ട വിദ്യാർഥി എസ്.എഫ്.ഐക്കാരനാണെന്ന് കുട്ടിയുടെ വീടിന് സമീപം വിപ്ലവപ്പാർട്ടി ഫ്ലെക്സ് സ്ഥാപിച്ചതാണ് ഒടുവിലത്തെ വാർത്ത. ഒരാളെ പച്ചക്ക് കൊല്ലാൻ തുനിഞ്ഞിറിങ്ങിയവർക്ക് ഒരു ഫ്ലെക്സ് സ്ഥാപിക്കുക എന്നത് വലിയ കാര്യമേ ആകുന്നില്ല. പറഞ്ഞിട്ടെന്ത് കാര്യം, ഇവന്മാർ എവിടെ പരിപാടി നടത്തിയാലും ഇതാണല്ലോ അവസ്ഥ എന്ന് മാലോകരെക്കൊണ്ട് പറയിപ്പിക്കുംവിധം ആയിപ്പോകുന്നു കാര്യങ്ങൾ.

ടി.പി.ചന്ദ്രശേഖരനെ വകവരുത്താൻ ചെന്ന കാറിന് പിറകിൽ ഒട്ടിച്ച ‘മാഷാ അല്ലാഹ്’ സ്റ്റിക്കർ തൊട്ട് തൊട്ടതെല്ലാം പാളുന്ന പരുവത്തിലാണ് കാര്യങ്ങളെല്ലാം. കൊയിലാണ്ടിയിൽ ലോക്കൽ നേതാവ് കൊല്ലപ്പെട്ടുവെന്ന് കേട്ടപ്പോഴേക്കും കൊന്നത് ആർ.എസ്.എസ് ആണെന്ന് സംസ്ഥാന കമ്മിറ്റി അംഗം വെളിപ്പെടുത്തിയത് അടുത്തിടെയാണ്. മണിക്കൂറ് പോലും കാത്തിരിക്കേണ്ടിവന്നില്ല സ്വരാജ് പോസ്റ്റും മുക്കി ഓടി. അതിൻറെ നാണക്കേട് മാറും മുൻപെ സിദ്ധാർഥിനെ എസ്.എഫ്.ഐക്കാരനാക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു പാർട്ടി.

ഇനി സിദ്ധാർഥ് എസ്.എഫ്.ഐക്കാരൻ തന്നെയാണെന്നങ്ങ് കരുതുക. എസ്.എഫ്.ഐക്കാരനായ വിദ്യാർഥി ക്യാംപസിനകത്ത് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ടും അതിൻറെ പേരിൽ സംസ്ഥാനവ്യാപകമായി എന്നു വേണമെന്നില്ല, വയനാട് ജില്ലയിലെങ്കിലും ഒന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കാൻ മുതിരാത്തവരാണ് കുട്ടിയുടെ വീടിന് മുൻപിൽ ഫ്ലെക്സ് ബോർഡുമായി വന്നത്.

മരിച്ചവരെ റാഞ്ചുന്ന ബുദ്ധി വിപ്ലവപ്പാർട്ടി ചരിത്രത്തിൽ ഇതാദ്യമൊന്നുമല്ല. കെ.ആർ.ഗൗരിയമ്മയെയും എം.വി.രാഘവനെയുമൊക്കെ അത്തരത്തിൽ മരണാനന്തരം ‘റാഞ്ചിയ’ പാരമ്പര്യമുണ്ട് പാർട്ടിക്ക്. പാർട്ടിയിൽ നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡം വച്ച അവസ്ഥയിൽ സ്വന്തമായി പാർട്ടിയും കൊണ്ട് നടക്കവെയാണ് ഗൗരിയമ്മ കണ്ണടച്ചത്. അവരുടെ ദേഹത്ത് ചെങ്കൊടി പുതച്ച് അവകാശം സ്ഥാപിക്കുകയായിരുന്നു പാർട്ടി.

എം.വി.രാഘവൻറെ കാര്യത്തിലും അതുതന്നെയായിരുന്നു സ്ഥിതി. രാഘവനെ മരണാനന്തരം സിപിഎമ്മാക്കി. രാഘവനെ ‘സ്വന്തമാക്കിയ’ പാർട്ടി കണ്ണൂരിൽ രാഘവൻറെ പാർട്ടിക്കാരുടെ ഓഫീസും സ്വന്തമാക്കിയാണ് അധീശത്വം തെളിയിച്ചത്. സി.എം.പിയുടെ ഓഫീസ് ഒരു ദിവസം പുലർന്നപ്പോൾ സിപിഎമ്മിന് കീഴിലുള്ള സ്വാന്തന കേന്ദ്രത്തിൻറെ ആസ്ഥാനമായിരിക്കുന്നു.

പശ്ചിമ ബംഗാളിൽ സി.പി.എം ഓഫീസുകളെല്ലാം തൃണമുൽ അല്ലെങ്കിൽ ബിജെപി ഓഫീസുകളായി മാറുന്നതിൻറെ പ്രതികാരം കണ്ണൂരിൽ സി.എം.പി ഓഫീസ് പിടിച്ചെടുത്ത് തീർക്കുകയായിരുന്നു വിപ്ലവപ്പാർട്ടി. ഒടുവിൽ കോടതി ഉത്തരവ് പ്രകാരമാണ് ഓഫീസ് കഴിഞ്ഞ ദിവസം സി.എം.പിക്ക് തിരിച്ചുലഭിച്ചത്.

ഇത്ഥമോരോന്നു ചിന്തിച്ചിരിക്കുമ്പോൾ
ചത്തുപോകുന്നു പാവം ശിവശിവ
എന്നുമുണ്ടല്ലോ പൂന്താനം കവിത.