ബി.ജെ.പിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവർ

പ്രിയപ്പെട്ട രാഹുൽജി,
ഭാരത് ന്യായ് ജോഡോ യാത്രയുടെ തിരക്കിലായ അങ്ങ് എന്റെ ഈ കുറിപ്പ് കാണാൻ ഇടയില്ല. അങ്ങേയുടെ ഉപദേശകർ ഇന്നാട്ടുകാരാണല്ലോ അവരുടെ ഉപദേശം സത്യസന്ധമാണെങ്കിൽ ഈ കുറിപ്പും അങ്ങയുടെ
ശ്രദ്ധയിൽപ്പെടുത്തും.
വരുന്ന ഇലക്ഷനിൽ അങ്ങ് വയനാട്ടിൽ മൽസരിക്കരുത്. പരാജയപ്പെടുമെന്ന് കരുതിയല്ല; റിക്കാർഡ് ഭൂരിപക്ഷത്തിൽ ഇനിയും ജയിക്കാനാവും.
രാഹുൽജി ഞങ്ങടെ നാട്ടിന്നാ വരുന്നതെന്നും നാലാളോട് ഞെളിഞ്ഞ് നിന്ന് പറയാനും കഴിയും. പക്ഷെ സംഗതി അതല്ല ബി.ജെ.പി. നേരിടുകയാണ് തന്റെ ദൗത്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെങ്കിൽ അങ്ങ് അമേഠിയിൽ മൽസരിക്കണം.
സ്മൃതി ഇറാനിയോടുള്ള മൽസരം കടുപ്പമായിരിക്കും. എങ്കിലും അങ്ങ് ജയിക്കും. തിരഞ്ഞടുപ്പല്ലേ ,ചിലപ്പോൾ മറിച്ചു സംഭവിച്ചേക്കാം. നിരാശ വേണ്ട.  നമ്മൾ പോരാടി അവരെ വിറപ്പിച്ചുവെന്ന ആത്മസംതൃപതി ഉണ്ടാവും അതാണ് തുടർ പോരാട്ടഊർജം. പാർലിമെൻറിന് പുറത്തെ രാഹുൽജിയാവും ബി.ജെ.പി.ഏറ്റവും ഭയപ്പെടുക. 400 സീറ്റ് ഉണ്ടെങ്കിലും അവരുടെ ഉറക്കം കെടുത്തുക യാതൊരു പ്രിവിലേജും ഇല്ലാത്ത അങ്ങാവും.
പാർലിമെൻറിൽ അങ്ങയുടെ സാന്നിധ്യം അനിവാര്യമെങ്കിൽ കർണ്ണാടകയിലോ തെലുങ്കാനയിൽ നിന്നോ ഒരു അംഗത്തെ രാജിവെപ്പിച്ച് സഭയിലേക്ക് വരാമല്ലോ? അങ്ങേയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധി 1977 ൽ റായ്ബറേലിയിൽ
തോറ്റപ്പോൾ കർണ്ണാടകയിലെ ചിക്മഗ്ളൂരിൽ നിന്നാണ് പിന്നീട് അവർ സഭയിൽ എത്തിയത്. ഒരു ഉപ തിരഞ്ഞടുപ്പിലൂടെ സഭയിൽ വരികയാണെങ്കിൽ അതും ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിന്റെ മറ്റൊരു പോർമുഖം തുറക്കലാവും.
സഭക്ക് പുറത്ത് നിന്ന് കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് ബി.ജെ.പിക്കെതിരെ വിരൽ ചൂണ്ടിയാൽ അങ്ങേയാവും രാജ്യവും ലോകവും ശ്രദ്ധിക്കുക. ഇന്ദിരാഗാന്ധിക്കെതിരെ ജയ് പ്രകാശ് നാരായൺ യുദ്ധം നയിച്ചത് സഭയിൽ അല്ല, ജനങ്ങൾക്കിടയിൽ നിന്നാണ്. അതായിരിക്കണം അങ്ങയുടെ ലൈൻ.
മോഡിയെപ്പോലെ അങ്ങ് അധികാരമോഹിയല്ലെന്ന് എല്ലാവർക്കും അറിയാം. 2009  ൽ മൻ മോഹൻ സിംഗിനെ ഒഴിവാക്കി പ്രധാനമന്ത്രിയാകാമായിരുന്നു. അങ്ങ് അത് ചെയ്തില്ല. അതാണ് മഹത്വം!
മൂന്നാമതും ഞാൻ തന്നെയെന്ന് വീമ്പു പറഞ്ഞ് നടക്കുന്ന മോഡിയിൽ ഈ നന്മ കാണാൻ കഴിയില്ല. നന്മ തിരിച്ചറിക്കാൻ അൽപ്പം സമയമെടുക്കും. കാത്തിരിക്കാം  വിജയം നമ്മുടെതാണ്.
എന്റെ ഈ അഭിപ്രായം പൂർണ്ണമായും ഉൾകൊള്ളുമെന്ന് കരുതുന്നു. അങ്ങയുടെ ഉപദേശകർ സുഖിപ്പിക്കാനും പ്രീതി സമ്പാദിക്കാനും പലതും പറഞ്ഞ് പറ്റിക്കും. അവർക്ക് കസേരയിലാണ് നേട്ടം, നാടിൻ്റെ നന്മയല്ല.
ചുറ്റും നിൽക്കുന്ന പലരും ബി.ജെ.പി.യുടെ മാസപ്പടി ലിസ്റ്റിലുള്ളവരാണ്.
കരുതിയിരിക്കണം.!
സ്നേഹാശംസകളോടെ
ക്ഷത്രിയൻ