താമരക്കുമ്പിളല്ലോ മമ ഹൃദയം

സതീഷ് കുമാര്‍ വിശാഖപട്ടണം

സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ഒരു കാലത്തെ തിലകക്കുറിയായിരുന്നു നഗരവാസികളുടെ പ്രിയപ്പെട്ട മാതാ തിയേറ്റര്‍ …
മലയാളത്തിലെ ക്ലാസിക്കുകളായ എത്രയോ ചലച്ചിത്രങ്ങള്‍ നാട്ടുകാര്‍ കണ്ടാസ്വദിച്ചത് ഈ തിയേറ്ററിലായിരുന്നു. തൃശ്ശൂരിലെ അറിയപ്പെടുന്ന അടിയാട്ട് കുടുംബത്തിലെ ശങ്കര്‍ എന്ന കലാസ്വാദകനായിരുന്നു ഈ തീയേറ്ററിന്റെ ഉടമസ്ഥന്‍.

ശങ്കറിന്റെ സഹോദരി ഉഷയെ വിവാഹം കഴിച്ചത് അടുത്തിടെ അന്തരിച്ച അച്ചാണി രവി എന്ന കൊല്ലത്തെ പ്രമുഖനായ കശുവണ്ടി വ്യവസായിയാണ്. ഉഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല … അരവിന്ദന്റെ ‘തമ്പ് ‘ എന്ന ചിത്രത്തിലെ
‘കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ ….’
എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ ഗായികയാണിവര്‍ ….
ഈ രണ്ടു കുടുംബങ്ങള്‍ കൂടുമ്പോഴൊക്കെ കലയും സാഹിത്യവും സംഗീതവും സിനിമയുമൊക്കെയായിരുന്നു അവരുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. അത്തരമൊരു ചര്‍ച്ചാവേളയിലാണ് ‘നമുക്കൊരു സിനിമ നിര്‍മ്മിച്ചാല്‍ എന്താ ….’ എന്നൊരു ആശയം വ്യവസായ പ്രമുഖനായ രവി മുന്നോട്ടുവയ്ക്കുന്നത്.

ആ ആശയം എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ വ്യവസായിയായ രവി ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നു. കുടുംബ സുഹൃത്തായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ രവിയുടെ ഈ സംരംഭത്തെ സ്വാഗതം ചെയ്യുക മാത്രമല്ല , ചലച്ചിത്രമാക്കാനുള്ള നല്ലൊരു നോവല്‍ കൂടെ അദ്ദേഹം സുഹൃത്തിന് ശുപാര്‍ശ ചെയ്യുകയുണ്ടായി.

 

ആ നോവലാണ് പാറപ്പുറത്തിന്റെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല. ‘ വീട്ടുകാരുടേയും ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളാല്‍ അവര്‍ പുതിയൊരു ബാനറിന് രൂപം കൊടുത്തു ……
‘ജനറല്‍ പിക്‌ച്ചേഴ്‌സ് ‘ .
ആദ്യ സംരംഭം മോശമായില്ല .
1967 -ലെ ഒരു ഓണക്കാലത്ത് തീയേറ്ററുകളില്‍ എത്തിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല ‘ സാമ്പത്തികമായി വിജയിക്കുക മാത്രമല്ല , ആ വര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയഅവാര്‍ഡും കരസ്ഥമാക്കി … തമിഴ് നടിയായിരുന്ന
കെ ആര്‍ വിജയയാണ് ഈ ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.

നായകനായി സത്യനും ….
മധു , മുത്തയ്യ , വിജയനിര്‍മ്മല, അടൂര്‍ ഭാസി , തിക്കുറിശ്ശി , പി ജെ ആന്റണി , കവിയൂര്‍ പൊന്നമ്മ , സുകുമാരി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരന്നു….
ചിത്രം സംവിധാനം ചെയ്തതും ഗാനങ്ങള്‍ എഴുതിയതും പി ഭാസ്‌കരന്‍ ആയിരുന്നു.
ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എംഎസ് ബാബുരാജും ….
എസ് ജാനകി എന്ന ഗായികയുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നായ ‘താമരക്കുമ്പിളല്ലോ
മമ ഹൃദയം ….’ ഈ ചിത്രത്തിന്റെ തിലകക്കുറിയായി ഇന്നും ജനകോടികള്‍ ഏറ്റുപാടുന്നു …. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി ‘ യുടെ ആദ്യ വരിയിലെ ആശയത്തില്‍ നിന്നാണത്രെ പി ഭാസ്‌കരന്‍ ഈ ഗാനം വികസിപ്പിച്ചെടുത്തത്.

https://www.youtube.com/watch?v=DjH0NvDePzI

 

പി ഭാസ്‌കരന്‍ ,ബാബുരാജ്, ജാനകി കൂട്ടുകെട്ടില്‍ പിറന്ന അക്കാലത്തെ ഗാനങ്ങളെല്ലാം വളരെ മനോഹരങ്ങളായിരുന്നു …
മാത്രമല്ല ഇന്നും മലയാള സിനിമയിലെ നിത്യവസന്തങ്ങളായ ഗാനങ്ങളായിരുന്നു അവയെല്ലാമെന്ന് എടുത്തു പറയാതിരിക്കാന്‍ വയ്യ….
ജാനകിയുടെ ഗാനം മാത്രമല്ല യേശുദാസ് പാടി അനശ്വരമാക്കിയ മറ്റൊരു ഗാനം കൂടി ഈ സിനിമയുടെ മഹത്തായ സംഭാവനയാണ് ….
‘ഇന്നലെ മയങ്ങുമ്പോള്‍
ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി
കേട്ടുണര്‍ന്നു …..’
എന്ന ഗാനം ഏതൊരു സംഗീതപ്രേമിയെയാണ് കോള്‍മയിര്‍ കൊള്ളിക്കാതിരിക്കുക ….
പാവനനാം ആട്ടിടയാ
പാത കാട്ടുക നാഥാ ….’
(ബി വസന്ത ,എസ് ജാനകി) ‘കവിളത്തെ കണ്ണീര്‍ കണ്ടു ….
(എസ് ജാനകി)
‘മുറിവാലന്‍ കുരങ്ങച്ചന്‍ ….
(എസ് ജാനകി )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ .1967 സെപ്റ്റംബര്‍ 8-ന് തിയേറ്ററുകളില്‍ എത്തിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല ‘ എന്ന ചിത്രം ഇന്ന് 56 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ….
ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍
ഒരു പ്രമുഖ മലയാളം ചാനലില്‍ കേവലം ആറു വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു കുട്ടി
56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാനകി പാടി അനശ്വരമാക്കിയ
‘താമരക്കുമ്പിളല്ലോ മമ ഹൃദയം എന്ന ഗാനം ആലപിക്കുന്നത് കേള്‍ക്കുമ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനേ വയ്യ.


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365)