സിദ്ധാർഥൻ്റെ മരണം: വൈസ് ചാൻസിലർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലാ  വൈസ് ചാൻസലർ പ്രൊഫ.എം.ആർ. ശശീന്ദ്രനാഥിനെ, സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു.ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു.

സിദ്ധാർ‌ഥന്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ; അത്യപൂര്‍വ നടപടി

പ്രൊഫ.എം.ആർ. ശശീന്ദ്രനാഥ്

———————————————————

സർവകലാശാല ക്യാംപസിൽ, എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജ‍ഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

സിദ്ധാർഥന്റേത് കൊലപാതകമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്‌ഐ– പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്.എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ കുററപ്പെടുത്തി.

സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം  നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സംഭവത്തിൽ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.

സംഭവത്തിൽ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ് എന്ന് ഗവർണർ പറഞ്ഞു. അറസ്ററിൽ ആയവരെല്ലാം എസ് എഫ് ഐക്കാരാണ്.സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുററപ്പെടുത്തി.

തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ അവർ കൊല്ലപ്പെടുത്തിയെന്ന് ആർ എം പി നേതാവായിരുന്ന
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.ആ കേസിൽ ശിക്ഷ ഇപ്പോൾ ഹൈക്കോടതി വർധിപ്പിച്ചു. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. മുതിർന്ന നേതാക്കളാണ് ടിപി കേസിൽ ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്.അക്രമത്തിന് പരിശീലനം നൽകുകയാണ് അവര്‍. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകും. പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകർക്കപ്പെടുന്ന സ്ഥിതിയാണ്.

സംഭവത്തിൽ അതീവ ദുഃഖമുണ്ട്. കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരനെയും ദുഃഖം കാണണം. ധീരതയുള്ള കുടുംബമാണ്. രാഷ്ട്രീയ പാർട്ടികൾ അക്രമം ഉപേക്ഷിക്കണം.പ്രവർത്തന രീതി പുനഃപ്പരിശോധിക്കാൻ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കൾക്ക് അക്രമത്തിൽ പ്രോത്സാഹനം നൽകരുതെന്നും അഭ്യർഥിച്ചിരുന്നു.