നമ്മെ നയിക്കാൻ നന്മയുടെ നിറകുടങ്ങൾ

ക്ഷത്രിയൻ

പാർലിമെൻറ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഒരു പടി മുന്നേ നിശ്ചയിച്ച് സി.പി.എം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.ബി.ജെ.പി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. എന്തു തീരുമാനിച്ചിട്ടും വലിയ കഥയൊന്നുമില്ല എന്ന് മോദിയ്ക്കും അമിത് ഷായ്ക്കും അറിയാം. പണം വരുമ്പോൾ ‘കുഴൽ പ്രശ്നം’ ഉണ്ടാക്കാതെ നോക്കണം എന്നേ അവർ നിഷ്കർഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വെറും പൊറാട്ട് നാടകം.

കോൺഗ്രസ് സ്ഥാനാർത്ഥികൾ നിലവിലെ എം.പിമാർ തന്നെ ആണെന്നാണ് വെയ്പ്പ്.വയനാട്ടിലെ രാജകുമാരൻ്റെ കാര്യം ഇനിയും തീരുമാനമായില്ല. ഐ ഐ സി സിയിലെ മുഖ്യകാര്യസ്ഥൻ വേണുഗോപാലന് ആലപ്പുഴയിൽ ഒരു കൈ നോക്കിയാൽ കൊള്ളാം എന്നുണ്ട്. ഇനി രാജ്യസഭയിലെത്താൻ വേറെ വഴിയൊന്നും തുറന്നു കിടക്കുന്നില്ലല്ലോ. കാച്ചിയ മോരില്ലെങ്കിൽ സദ്യയ്ക്കായി ഇലയ്ക്ക് മുന്നിലിരിക്കാം തയാർ എന്ന അശരീരി അദ്ദേഹത്തിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്.

മുസ്ലിം ലീഗുമായുള്ള ‘ബിരിയാണി ചർച്ച’യ്ക്കിടയിലെ കശപിശ നീളുന്നതിനിടെ, കെ പി സി സി അധ്യക്ഷൻ സുധാകർജിയുടെ വായിൽ നിന്ന് വീണുപോയ വാക്ക് പ്രതിപക്ഷ നേതാവ് സതീശനെ കോൾമയിർ കൊള്ളിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. അദ്ദേഹം മാത്രമല്ല, കേട്ടവർ കേട്ടവരെല്ലാം ആ പ്രയോഗത്തിൽ ഒളിഞ്ഞിരിക്കുന്ന ‘ബന്ധുഭാവം’തികച്ചും ആസ്വദിച്ചു. ജ്യേഷ്ഠാനുജന്മാർ പരസ്പരം ഇങ്ങനെയേ സംബോധന ചെയ്യാവൂ എന്ന് പാർടി ഭരണഘടന വായിച്ചിട്ടുള്ള എത്ര പേർക്കറിയാം. എന്തായാലും കണ്ണൂരിൽ ജ്യേഷ്ഠൻ തന്നെ മൽസരിക്കണമെന്ന് അനുജൻ സതീശൻ വാശി പിടിക്കും എന്ന കാര്യം തീർച്ച. ജ്യേഷ്ഠന് പകരം വെയ്ക്കാൻ ജ്യേഷ്ഠൻ മാത്രം.

സി പി ഐ ആകട്ടെ നാലു മല്ലന്മാരെ തന്നെ രംഗത്തിറക്കി. ഹരിച്ചും കിഴിച്ചും കൂട്ടിയും തിരിച്ചും മറിച്ചും നോക്കിയായിരുന്നു സ്ഥാനാർഥി നിർണയം. ഗുണമുണ്ടാവുമോ എന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന സൂത്രവാക്യത്തിൽ വിശ്വസിക്കുന്നവരായതു കൊണ്ട് വലിയ പ്രശ്നമില്ല. എല്ലാം പുതിയ സംസ്ഥാന സഖാവ് ബിനോയ് വിശ്വത്തിൻ്റെ ഗ്രഹനില പോലെയിരിക്കും എന്നാണ് എം എൻ സ്മാരകത്തിലെ അന്തേവാസികളുടെ അടിയുറച്ച വിശ്വാസം.

ചെങ്കുപ്പായമിട്ട് സി.പി.എം നിരത്തിയ സ്ഥാനാർത്ഥികളെല്ലാം തികച്ചും നിഷ്കളങ്കരും തിളക്കമാർന്ന പ്രതിച്ഛായ ഉള്ളവരൂം മണ്ഡലം പിടിക്കാൻ ശേഷിയുള്ളവരുമാണ് എന്നാണ് പിണറായിവാദികളുടെ നിരീക്ഷണം.എന്നാൽ എറണാകുളത്തെ സ്ഥാനാർത്ഥിയെ കുറിച്ച് ഒരവകാശവാദവുമില്ല.

ഇതുവരെ ഒരപശബ്ദം പോലും ഉയർന്നിട്ടില്ല.പ്ക്ഷേ, സ്ഥാനാർഥികളെല്ലാം കമ്യൂണിസ്ററ് മൂല്യങ്ങൾക്ക് ചേർന്നവരാണോ എന്ന് ചിന്തിക്കാമായിരുന്നു എന്ന് വാദിക്കുന്ന വരട്ടുവാദികളുണ്ട്. എന്നാൽ കാരണഭൂതപ്പേടി മൂലം ഒന്നു ഞെരങ്ങാൻ പോലും അവർക്ക് ധൈര്യമില്ല. മിണ്ടിയാൽ ഗോവിന്ദൻ സഖാവിൻ്റെ ഭാഷയിൽ സൂര്യതാപത്തിൽ കത്തിയെരിയും. മിണ്ടരുത് എന്ന് ടി.പി.ചന്ദ്രശേഖരൻ്റെ ആത്മാവ് വിമതരോട്
ആവർത്തിച്ചാവർത്തിച്ച് പറയുന്നുമുണ്ടത്രെ. പാർടി അച്ചടക്കം എന്നത് അടിമത്തമാണല്ലോ. മിണ്ടാതിരിക്കുക എന്നതു തന്നെ ബുദ്ധി.

രണ്ടുവട്ടം എം.എൽ എയാക്കിയ സിനിമതാരം മുകേഷ് ആണ് കൊല്ലത്തെ സ്ഥാനാർത്ഥി.ആളു ബഹുമിടുക്കൻ. നല്ല നടൻ. പലവട്ടം അവാർഡിതൻ. പക്ഷേ, ജീവിതത്തിൽ കുരുത്തക്കേടുകൾ നിരവധി എന്ന് വനിതാ സഖാക്കൾ അടക്കം പറയുന്നു. ഉറക്കെ പറയാൻ പാർടി അച്ചടക്കം അനുവദിക്കില്ലല്ലോ..പെണ്ണുങ്ങളായാൽ പാർടിയ്ക്കകത്ത് അടങ്ങിയൊതുങ്ങി കഴിയണം എന്നാണ് വൃന്ദ സഖാവ് പോലും പറയുന്നത്.

ഇനി നവകേരള സ്ത്രീ സദസിലേക്ക് വരാം.അവിടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പലവട്ടം നമ്മൾ കണ്ടതാണ്. സ്ത്രീകളുടെ വേദനകൾ അദ്ദേഹത്തിനു മനസ്സിലാവും. ആ മനസ്സ് അലിയുകയും ചെയ്യും. പക്ഷേ, മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെയും രണ്ടാം ഭാര്യ മേതിൽ ദേവികയുടെയും മനസ്സിൻ്റെ നൊമ്പരങ്ങൾ അദ്ദേഹം അറിഞ്ഞു കാണില്ലായിരിക്കും.സരിത കേസു കൊടുത്ത് രക്ഷപ്പെട്ടു. ദേവിക ഇപ്പോഴും  പരാതിയും പരിവട്ടവുമായി നടക്കുന്നു.

പണ്ട്, പിണറായി വിജയൻ, ആർ എസ് പി യിലെ എൻ.കെ. പ്രേമചന്ദ്രനെ സംബോധന ചെയ്ത ഒരു പദം ഉണ്ടല്ലോ. ‘പരനാറി’ എന്നാണോർമ്മ. അത്തരം പദങ്ങൾ ഇപ്പോഴും അദ്ദേഹത്തിൻ്റെ മടിശീലയിൽ കിടപ്പുണ്ടോ ആവോ ?

പത്തനംതിട്ടയിൽ മുൻ ധനമന്ത്രിയും കിഫ്ബി പ്രസ്ഥാനത്തിൻ്റെ തലതൊട്ടപ്പനുമായ തോമസ് ഐസക്കാണ് സ്ഥാനാർത്ഥി. കിഫ്ബി വിഷയത്തിൽ ഏഴുതവണ ഇ ഡി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത വല്യപുള്ളി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയെ വെല്ലുവിളിക്കുന്നതും അവർക്കെതിരെ അദ്ദേഹം നാലുവട്ടം കോടതിയിൽ ഹർജിയുമായി പോകുന്നതും ജനം കണ്ടു.

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയം എന്തിന് എന്ന പിണറായി വചനം അദ്ദേഹത്തിൻ്റെ വഴിവിളക്കാവേണ്ടതല്ലേ ? അതോ ഒളിച്ചോട്ടമാണോ നവലിബറൽ മാർക്സിസ്റ്റ് ,ലെനിസ്റ്റ് നയ സമീപനം ?

കേന്ദ്ര ധനമന്ത്രിയായിരുന്ന പി.ചിദംബരത്തെ മതിൽ ചാടിക്കടന്ന് പിടി കൂടിയ ഇ.ഡി, തോമസ് ഐസകിന്റെ മുന്നിൽ മുട്ട് കുത്തിയോ ? ഇവിടെയാണ് സ്വർണ്ണക്കേസിൽ എന്നപോലെ ഒരു ഒത്തുതീർപ്പിൻ്റെ ഒലീവില ഉയർന്നു കാണുന്നത്. മോദിയാണ് ഈ പാർടിയുടെ ഐശ്വര്യം എന്ന സൂക്തം എ കെ ജി സെൻ്ററിൽ താമസിയാതെ പ്രത്യക്ഷപ്പെടുമെന്ന് അഞ്ചാംപത്തികൾ പ്രചരിപ്പിക്കുന്നത് സത്യമാവുമോ ? എന്തോ അറിയില്ല. ഒരു നിശ്ചയമില്ല ഒന്നിനും.

കിഫ്ബിയിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ ഐസക്കിന് ധൈര്യസമേതം ചെന്നുകൂടെ ? പാർലമെൻ്റെ് ഉണ്ടാക്കിയതാണ് ഇ ഡി രൂപവൽക്കരണം സബന്ധിച്ച നിയമം. ഐസക്ക് മൽസരിക്കുന്നതും അതേ പാർലമെൻ്റിലേക്ക്.. എന്തോക്കെ കാണണം പാവം ജനങ്ങൾ.

കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാവാൻ സാരിപുതച്ച റെഡിയായി പൗഡറിട്ട് നിൽക്കുകയായിരുന്നു കെ.കെ. ശൈലജ എന്ന ടീച്ചറമ്മ. തൻ്റെ മുൻ ആരോഗ്യമന്ത്രിയെ വടകരയിലെ സ്ഥാനാർഥിയാക്കി ഡൽഹിക്ക് നാടുകടത്താനാണ് പിണറായിയുടെ ശ്രമമെന്ന് ആരോപിക്കുന്നത് കടന്നകയ്യാവും. അങ്ങനെയൊന്നും അദ്ദേഹം ചിന്തിച്ചേ കാണില്ല.എം പി യായാലും കൊറോണക്കാലത്തെ കേസുകൾ കൊണ്ട് കോടതി വരാന്തകൾ കയറിയിറങ്ങാനാവും ടീച്ചറമ്മയ്ക്ക് യോഗം എന്നാണ് ജാതകവശാൽ കാണുന്നത്.

മന്ത്രിയായിരിക്കുമ്പോൾ കൂടിയ വിലയ്ക്ക് വാങ്ങിക്കൂട്ടിയ കൊറോണ മരുന്നും കൊറോണക്കുപ്പായങ്ങളും യക്ഷിബാധപോലെ അവരെ പിന്തുടരുന്നുവത്രെ.എല്ലാ ആഭിചാരങ്ങൾക്കും മുഖ്യമന്ത്രിയുടെ അറിവും ആശീർവാദവും ഉണ്ടായിരുന്നു എന്ന് ഉറക്കെ ജപിച്ച് പാലമരത്തിൽ ആണിയടിച്ചിട്ടും ആരും രക്ഷാകവചവുമായി വന്നില്ലല്ലോ.

‘കരിമണൽ ഉപകാര സ്മരണ ‘ഇനിയും തീർന്നിട്ടില്ലെന്ന് തെളിക്കുന്നതാണ് ചാലക്കുടിയിൽ സി.രവീന്ദ്രനാഥിന്റെ രംഗപ്രവേശം.മുഖ്യമന്ത്രി യുടെ മകൾ മാസപ്പടി വാങ്ങിയ കരിമണൽ വ്യവസായി കർത്തയുമായി രവീന്ദ്രനാഥിനുള്ള ബന്ധത്തിന്റെ ആനുകൂല്യമാണ് ഇതെന്ന് ആക്ഷേപിക്കുന്നവർ പാർട്ടിയിൽ തന്നെയുണ്ട്. പാർട്ടി ജില്ലാ കമ്മറ്റിയിൽപ്പോലുമില്ലാത്ത ഒരാളെ കഴിഞ്ഞ തവണ മന്ത്രിയാക്കിയതിന്റെ ഗുട്ടൻസ് മാസപ്പടി കേസ്
വന്നപ്പോഴാണ് ലോകം അറിഞ്ഞത്.

അർഹതയുള്ളവരുടെ തലക്ക് മുകളിലൂടെ പറന്നിറങ്ങുകയായിരുന്നു മാഷ്. ഇപ്പോഴും അതു തന്നെ.ബി.ഡി ദേവസിയെ കൊതിപ്പിച്ചിട്ട് രവീന്ദ്രൻ മാഷിന് കൊടുത്തു. എല്ലാം മാസപ്പടിയുടെ ഒരു ശക്തി.