ഇനിയില്ല പ്രണയം മണക്കുന്ന ആ പാട്ടുകൾ

In Editors Pick, Featured, Special Story
February 27, 2024

മുംബയ്:  ഇനിയില്ല പ്രണയം മണക്കുന്ന ആ പാട്ടുകൾ ..നിലാവ് പൊഴിയുന്ന രാത്രികളിൽ സിത്താറിന്റെ ചുവടൊപ്പിച്ചു പാടുന്ന ആ പാട്ടുകാരനും ..ജനലക്ഷങ്ങളുടെ യൗവനങ്ങളിൽ പ്രണയത്തിന്റെ തീകോരിയിട്ട ഗസൽ രാജകുമാരൻ പങ്ക‌ജ് ഉധാസ് യാത്രയായി.

ഇന്നലെ രാവിലെ 11ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് മുംബയിൽ നടക്കും. ഫരീദ ആണ് ഭാര്യ. നയാബ്, രേവ എന്നിവരാണ് മക്കൾ. അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും കുടുംബം സ്ഥിരീകരിച്ചിട്ടില്ല.

 

“നീ നടക്കുന്ന വഴികളിലെല്ലാം പൂക്കൾ പൂമെത്ത വിരിക്കട്ടെ “
നിന്റെ മനോഹരമായ ചലനത്തിന്റെ സ്വരങ്ങളെന്റെ ഉറക്കം കെടുത്തുന്നു
നീ തൊടുന്നതെല്ലാം രത്നങ്ങളാകട്ടെ, നീ ആരുടേതാകുന്നോ അവൻ ധനവാനാകുന്നു”

ഉധാസ് തന്റെ ഒരു ഗസലിൽ പാടി.പ്രണയവും വിരഹവും ഇടകലർന്ന ഗാനങ്ങളായിരുന്നു പങ്കജിന്റെ പ്രിയപെട്ടവ.ഉറുദുവും ഹിന്ദിയും അറിയാത്തവരുടെ പോലും ഹൃദയത്തിലേക്ക് വഴി വെട്ടി കയറാനായത്
അദ്ദേഹത്തിന്റെ മാസ്മരികമായ ശബ്‍ദ ശുദ്ധി മൂലമായിരുന്നു .

1951 മേയ് 17ന് ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത് സഹോദരന്‍ മന്‍ഹര്‍ ഉധാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മന്‍ഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും അര്‍ഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല..

പങ്കജിന്റെ സഹോദരന്മാരായ നിർമ്മലും മൻഹറും അറിയപ്പെടുന്ന ഗസൽ, പിന്നണി ഗായകരാണ്. ചെറുപ്പത്തിൽ തന്നെ സഹോദരന്മാർക്കൊപ്പം സംഗീതം അഭ്യസിച്ചുതുടങ്ങിയ പങ്കജ് ആദ്യം തബലയോടാണ് താത്പര്യം കാട്ടിയത്. വൈകാതെ ഹിന്ദുസ്ഥാനി,​ ശാസ്ത്രീയ സംഗീതത്തിലേക്ക് തിരിഞ്ഞു.രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.

1980ൽ ‘ ആഹത്ത് ‘ എന്ന ഗസൽ ആൽബമിറക്കിയാണ് തുടക്കം. തൊട്ടടുത്ത വർഷങ്ങളിൽ മുകാരാർ, മെഹ്‌ഫിൽ, ആഫ്രീൻ തുടങ്ങിയ ആൽബങ്ങൾ. ഇവ തരംഗമായി മാറിയതോടെ ബോളിവുഡിന്റെ വാതിലുകൾ പങ്കജിന് മുന്നിൽ തുറന്നു.

നാം, സാജൻ, മൊഹ്‌റ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലുൾപ്പെടെ മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും ഗസൽ ആയിരുന്നു പങ്കജിന്റെ ജീവനാഡി. നിശബ്ദ രാത്രികളിൽ നിലാവിന്റെ സുഖമുള്ള ഗസലുകൾ ജനകോടികൾക്ക് ഉറക്കുപാട്ടായി.

മഹേഷ് ഭട്ടിന്റെ നാമിലെ (1986) ‘ ചിട്ടി ആയി ഹേ”പങ്കജിന്റെ കരിയറിൽ വഴിത്തിരിവായി. സാജനിലെ ‘ ജീയേ തോ ജീയേ”, ബാസിഗറിലെ ‘ ചുപാന ഭീ നഹീ ആതാ”, മൊഹ്‌റയിലെ ‘നാ കജ്‌രേ കീ ദാർ” തുടങ്ങി പങ്കജിന്റെ മധുരഗാനങ്ങൾ ജനം ഏറ്റുപാടി. 60ലേറെ സോളോ ആൽബങ്ങളും പ്രോജക്ടുകളും റിലീസായിട്ടുണ്ട്. 2006ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മികച്ച ഗായകനുള്ള ഫിലിംഫെയർ അടക്കം നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.