ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാൻ വിധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ അറയില്‍ ഹൈന്ദവ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹർജി
അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്.

വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി കോടതി അനുമതി നല്‍കിയത്.

പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മസ്ജിദ് കമ്മിറ്റി വാരാണസി കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയില്‍ ഹർജി നല്‍കാൻ നിർ‌ദേശിക്കുകയായിരുന്നു.

1993ല്‍ ഗ്യാന്‍വാപിയില്‍ പൂജ തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പള്ളിയുടെ ദക്ഷിണ അറയില്‍ പൂജയ്ക്കുള്ള അനുമതി കഴിഞ്ഞമാസമാണ് വാരണാസി കോടതി നല്‍കിയത്.

1993 ഡിസംബര്‍ വരെ ഗ്യാന്‍വാപിയില്‍ പൂജ നടന്നിരുന്നുവെന്നും തന്റെ മുത്തച്ഛനായ സോംനാഥ് വ്യാസ് ആയിരുന്നു പൂജ നടത്തിയിരുന്നതെന്നും ചൂണ്ടിക്കാട്ടി ശൈലേന്ദ്ര കുമാര്‍ പതക് എന്നയാളാണ് കോടതിയെ സമീപിച്ചത്. പരമ്ബരാഗതമായി പൂജാരിയായ തനിക്ക് അറയില്‍ കടക്കാനും പൂജ നടത്താനും അനുമതി നല്‍കണമെന്നും പതക് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പരാതിക്കാരുടെ വാദം പള്ളിക്കമ്മിറ്റി എതിര്‍ത്തു.അറയ്ക്കുള്ളില്‍ ഒരു വിഗ്രഹവുമുണ്ടായിരുന്നില്ല. 1993 വരെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് ആരും തടസ്സം നിന്നിട്ടുമില്ലെന്നും പള്ളിക്കമ്മിറ്റി വാദിച്ചു.

മസ്ജിദ് പണിതിരിക്കുന്നത് ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്ന് ഔറംഗസീബിന്റെ ഭരണകാലത്ത് പള്ളി പണിതതെന്നായിരുന്നു ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.