ഭീകരാക്രമണം: ഇറാനിൽ 103 മരണം

ടെഹ്റാൻ : അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ ഏററവും ഉന്നതനായ സൈനിക കമാൻഡർ ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങളിലായി 103  പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേററു.

ഇറാനിലെ കെർമാനിൽ ആയിരുന്നു ഈ ദുരന്തം. 2020 ലാണ് ഡ്രോൺ ആക്രമണത്തിൽ സൊലൈമാനി കൊല്ലപ്പെട്ടത്.തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സുലൈമാനിയുടെ സ്മൃതി മണ്ഡപത്തിന് സമീപമാണ് രണ്ട് തവണ സ്ഫോടനമുണ്ടായത്.

സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് ഇറാനികളാണ് ഒത്തുകൂടിയത്.

പരിക്കേറ്റവരെ റെഡ് ക്രസന്റ് രക്ഷാപ്രവർത്തകർ മാറ്റുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.